നർമ്മവും, ഉദ്വേഗവും കൂട്ടിയിണക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആപ് കൈസേ ഹോ. അജൂസ് എബൗ വേൾഡ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മാനുവൽ ക്രൂസ്, ഡാർവിൻ അംജത്ത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിനു ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വലുതാണ്.

ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെ നർമം നിറഞ്ഞ മൂഹൂർത്തങ്ങളാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു വിവാഹത്തലേന്നു നടക്കുന്ന ആഘോഷവും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ പശ്ചാത്തലം. ഈ സംഭവങ്ങൾ പൂർണ്ണമായും തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെയും, ഒപ്പം തില്ലറായും അവതരിപ്പിക്കുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പമാണ് ഈ ചിത്രത്തിൻ്റെ അവതരണം. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജുക്കുറുപ്പ്, ദിവ്യദർശൻ, തൻവി റാം, സുരഭി സന്തേഷ്, ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുധീഷ്, ഇടവേള ബാബു, ജീവ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സ്വാതി ദാസിൻ്റെ ഗാനങ്ങൾക്ക് ഡോൺ വിൻസൻ്റ് സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു.
അഖിൽ ജോർജ് ഛായാഗ്രഹണവും രെതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.