വിവാദ ലേഖനത്തിന്മേൽ ഹൈകമാന്ഡിന് മുന്നിലും മെരുങ്ങാതെ ശശി തരൂർ. താൻ എഴുതിയ ലേഖനത്തിൽ തെറ്റുകളില്ലെന്നും, വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് താൻ എഴുതിയ ഓരോ വാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി തരൂരുമായി നടത്തിയ സമവായ ചർച്ചയിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ ഈ കടുംപിടുത്തതിൽ അത്ര സന്തുഷ്ടരല്ല സംസ്ഥാന കോൺഗ്രസ് നേതൃത്വം. പരസ്യമായ വാദപ്രദിവാദത്തിലേക്ക് പോകുന്നത് പാർട്ടിക്ക് ക്ഷീണമാണെന്നും അതിനാൽ തരൂരിനെ അവഗണിക്കാനും നീക്കങ്ങൾ നിരീക്ഷിക്കാനുമാണ് കോൺഗ്രസ് തീരുമാനം. നിലപാട് കടുപ്പിച്ചതോടെ വെട്ടിലായിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

“കഴിഞ്ഞ കുറെ വര്ഷങ്ങളായി താൻ പല വേദികളിലും പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ലേഖനത്തിലും എഴുതിയത്. തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിൽ അവര്ക് തൊഴിലുകൾ വേണമെങ്കിൽ ഇൻവെസ്റ്റുമെന്റുകൾ നടക്കണം. കുറെ കാലമായി ഞാൻ പറയുന്ന ഒരു കാര്യത്തിൽ കഴിഞ്ഞ 18 മാസത്തിൽ മാറ്റമുണ്ടെന്നു മനസിലായപ്പോൾ ഞാൻ അത് വിശ്വസിച്ചു, അംഗീകരിച്ചു. ഇതേ കാര്യങ്ങൾ തന്നെയാണ് കൊച്ചിൻ ചേംബർ ഓഫ് കോമേഴ്സിൽ ഞാൻ പറഞ്ഞത്. അതെ വിവരങ്ങൾ ക്രോഡീകരിച്ചാണ് ലേഖനത്തിലും കൊടുത്തിട്ടുള്ളത്. ഇതൊരു ചർച്ച ആയത് എന്തുകൊണ്ടും നന്നായി. ഇപ്പോഴെങ്കിലും ഇതൊക്കെ ചർച്ച ആകുമല്ലോ. ലേഖനത്തെ വിമര്ശിക്കേണ്ടവർക്ക് വിമർശിക്കാം” എന്നാണ് തരൂർ പറഞ്ഞത്.