ഡൽഹിയുടെ ഒൻപതാമത് മുഖ്യമന്ത്രിയായി ബിജെപിയുടെ രേഖ ഗുപ്ത അധികാരമേറ്റു. നീണ്ട 27 വര്ഷങ്ങള്ക്കു ശേഷമാണു ബിജെപി ക്ക് ഡൽഹിയിൽ ഒരു മുഖ്യമന്ത്രി ഉണ്ടാകുന്നത്. രാംലീല മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ലെഫ്. ഗവർണർ വി കെ സക്‌സേന സത്യവാചകം ചെല്ലിക്കൊടുത്തു. പർവേഷ് വർമ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുഷമ സ്വരാജായിരുന്നു ഡൽഹിയിലെ ബിജെപിയുടെ അവസാന മുഖ്യമന്ത്രി.

ഡൽഹി മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വനിതയാണ് രേഖ ഗുപ്ത. സുഷമ സ്വരാജ്, ഷീലാ ദീക്ഷിത്, അതിഷി എന്നിവരായിരുന്നു ഇതിനു മുമ്പ് അധികാരത്തിലിരുന്ന വനിത മുഖ്യമന്ത്രിമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റു കേന്ദ്ര മന്ത്രിമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, എഎപി എംപി സ്വാതി മലിവാൾ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിനെയത്തിയിരുന്നു.
എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച വ്യക്തിയാണ് രേഖ ഗുപ്ത. 1992ൽ ഡൽഹി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ വെച്ചാണ് എബിവിപി പ്രവർത്തനം ആരംഭിക്കുന്നത്. 1996–1997 കാലയളവിൽ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ പ്രസിഡന്റായി. ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു രേഖാ ഗുപ്ത.