ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ജോ ബൈഡൻ സർക്കാർ ശ്രമിച്ചെന്ന ആരോപണം കോൺഗ്രസിനെതിരെ ആയുധമാക്കി ബി ജെ പി. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതു പ്രധാനമന്തി നരേന്ദ്ര മോദിക്കെതിരെ പ്രവർത്തിക്കുന്നതുമായ ചില എൻ ജി ഒകൾ രാജ്യത്തെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ബി ജെ പി ആരോപിക്കുന്നത്.
ഇന്ത്യയിൽ വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കാനുള്ള യു എസ് സഹായം നിർത്തലാക്കിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ വിവാദമായ പരാമർശങ്ങൾ. ‘ഇന്ത്യയിൽ വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കാൻ എന്തിനാണ് അമേരിക്ക 2.1 കോടി ഡോളർ ചെലവാക്കുന്നത്. വേണ്ടതിലധികം പണമുള്ള രാജ്യമാണ് ഇന്ത്യ. അമേരിക്കയെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യവുമാണ് ഇന്ത്യ. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ചിലർ വിജയിക്കാൻ ബൈഡൻ സർക്കാർ ശ്രമിച്ചെന്ന് കരുതുന്നു’ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

ട്രംപിന്റെ പരാമർശം ബി ജെ പി നേതാക്കളിൽ നിന്നുള്ള വലിയ രീതിയിലുള്ള പ്രതികരണങ്ങൾക്കാണ് ഇടയാക്കിക്കൊണ്ടിരിക്കുന്നത്. ട്രംപിന്റെ അഭിപ്രായങ്ങളും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ വിദേശ സന്ദർശനത്തിനിടെ നടത്തിയ ചില പരാമർശങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് മുൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്. ‘കോൺഗ്രസ് ചെയ്തത് ലജ്ജാകരമായ കാര്യമാണ്. രാഹുൽ ഗാന്ധി വിദേശത്ത് ഇന്ത്യൻ ജനാധിപത്യത്തെ പരിഹസിക്കുകയും വിദേശത്തുള്ള ജനാധിപത്യ രാജ്യങ്ങളുടെ സഹായം തേടുകയും ചെയ്തു. കോൺഗ്രസ് തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുന്നതിനാൽ വിജയിക്കാൻ അദ്ദേഹം പിന്തുണ തേടി എന്നാണ് ഇതിനർത്ഥം’ രവിശങ്കർ പ്രസാദ് പറഞ്ഞു. ഇന്ത്യയിലെ “വോട്ടർമാരുടെ പങ്കാളിത്തത്തെ” സ്വാധീനിക്കാൻ 21 മില്യൺ ഡോളർ നൽകുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് തന്നെ സ്ഥിരീകരിച്ചു. രാഹുൽ ഗാന്ധി വിദേശത്ത് പോയി ഇന്ത്യൻ ജനാധിപത്യത്തിനെതിരായ ‘ഭീഷണികളെക്കുറിച്ച്’ ജനാധിപത്യ രാജ്യങ്ങൾ ആശങ്കപ്പെടുന്നില്ലെന്ന് പറയാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആളുകൾ അവർക്ക് വോട്ട് ചെയ്തില്ലെങ്കിൽ, ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനും ഇന്ത്യൻ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനും വിദേശ പണം ഉപയോഗിക്കാൻ അവർ ഗൂഢാലോചന നടത്തുന്നു. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിൽ വിദേശ പണം നടത്തുന്ന ഈ നഗ്നമായ ഇടപെടലിനെ ഞങ്ങൾ പൂർണ്ണമായും അപലപിക്കുന്നു. ഇത് വളരെ നാണക്കേടുള്ള കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2024 ലെ പൊതുതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ആസൂത്രിതമായ ശ്രമം നടന്നെന്നാരോപിച്ച് ബി ജെ പിയുടെ ഐടി സെൽ ഇൻ-ചാർജ് അമിത് മാളവ്യയും രംഗത്ത് വന്നു. “യുഎസ്‌എഐഡി ഫണ്ടിംഗ് രാഷ്ട്രീയ ഫലങ്ങളെ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് വർഷങ്ങളിൽ. യു പി എ സർക്കാരിന്റെ കാലത്ത് (2004-2013), ഇന്ത്യൻ സർക്കാരിന് 204.28 മില്യൺ ഡോളർ ലഭിച്ചു. അതേസമയം തന്നെ എൻജിഒകൾക്ക് 2,114.96 മില്യൺ ഡോളർ ലഭിച്ചു. എൻഡിഎ (2014-2024) കീഴിൽ, സർക്കാർ ഫണ്ടിംഗ് 2015 ലെ കണക്കനുസരിച്ച് 1.51 മില്യൺ ഡോളറായി കുറഞ്ഞു, അതേസമയം എൻജിഒ ഫണ്ടിംഗ് 2,579.73 മില്യൺ ഡോളറായി വർദ്ധിച്ചു,” അദ്ദേഹം പറഞ്ഞു.
അമേരിക്കൻ സാമ്പത്തിക സഹായം ഇന്ത്യയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നടന്ന വിദേശ ഇടപെടലിന്റെ തെളിവാണിത് എന്നായിരുന്നു ബിജെപിയുടെ ആരോപണം. സാമ്പത്തിക സഹായം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. അതേസമയം രാജ്യത്തുടനീളം ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) കൂടുതൽ താങ്ങാനാവുന്നതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മൂന്ന് എക്‌സിക്യൂട്ടീവ് ഉത്തരവുകളിലും ട്രംപ് ഒപ്പുവച്ചു. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് തീരുവ ചുമത്താനുള്ള പദ്ധതികളും ട്രംപ് അംഗീകരിച്ചിട്ടുണ്ട്. ഓട്ടോ താരിഫുകൾക്ക് പുറമേ, ഏപ്രിൽ 1 മുതൽ തന്നെ ഫാർമസ്യൂട്ടിക്കൽസ്, മൈക്രോചിപ്പുകൾ എന്നിവയിൽ 25% ഇറക്കുമതി നികുതി ചുമത്താനുള്ള പദ്ധതികളും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.