സംസ്ഥാന സർക്കാരിനെയും വ്യവസായ വകുപ്പിനെയും പ്രകീർത്തിച്ചു ലേഖനം എഴുതിയ സംഭവത്തിൽ ശശി തരൂരിനെ അവഗണിക്കാനും സമ്മർദ തത്രത്തിന് വഴങ്ങേണ്ടന്നും നിർദേശിച്ചു കോൺഗ്രസ് ഹൈക്കമാൻഡ്. സംസ്ഥാനത്തും ദേശീയ തലത്തിലും പാർട്ടിയെ വെട്ടിലാക്കിയെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. തരൂരിനെതിരെ പ്രാദേശികമായും പ്രവർത്തകരിൽ അവമതിപ്പുണ്ട്. പ്രധാനമന്ത്രിയെ പ്രകീർത്തിച്ചതും പൊറുക്കാനാവില്ലെന്നാണ് പ്രവർത്തകരുടെ നിലപാട്.

തരൂരിന്റേത് സമ്മർദ തന്ത്രമാണെന്നും അതിനു വഴങ്ങേണ്ടതില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. പാർട്ടിയെ പരസ്യമായി വെല്ലുവിളിക്കുകയാണ്. തരൂരിനെതിരെ സംസാരിക്കുകയും മറുപടികൾ നൽകി പാർട്ടിയെ കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടുപോകേണ്ടന്നും അങ്ങനെ ചെയ്താൽ കോൺഗ്രസിനുള്ളിൽ വിഭാഗീയത ഉണ്ടെന്ന പ്രതീതി വരുമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ലഭിക്കേണ്ട മേൽക്കൈ നഷ്ടപ്പെടും എന്നൊക്കെയാണ് പാർട്ടിയുടെ നിഗമനം. ഇത് എതിരാളികൾക്ക് ഒരു രാഷ്ട്രീയ ആയുധവുമാവും. ആയതിനാൽ തരൂർ വിഷയത്തിൽ പരസ്യപ്രതികരണം ഹൈക്കമാൻഡ് വിലക്കിയിട്ടുണ്ട്.