സി പി എം പ്രവർത്തകർക്ക് നേരെ ഭീഷണി പ്രസംഗവുമായി പി വി അൻവർ. തന്നെയോ യു ഡി എഫുകാരെയോ ആക്രമിക്കാൻ വന്നാൽ വീട്ടിൽ കയറി തലയടിച്ചു പൊട്ടിക്കും എന്നാണ് അൻവറിന്റെ ഭീഷണി. “ഒളിച്ചു നിന്ന് പ്രവർത്തിക്കുന്നവനല്ല താൻ. അത് പഠിച്ചിട്ടുമില്ല. എന്നും നേർക്കു നേരെ നിന്ന് പോരാടുമെന്നും” ചുങ്കത്തറയിൽ നടന്ന പൊതുയോഗത്തിൽ പറഞ്ഞു. ഇത് വെറുമൊരു സാമ്പിൾ മാത്രമാണ് എന്നാണ് അൻവറിന്റെ ഭാഷ്യം. ചുങ്കത്തറയിലെ വനിതാ പഞ്ചായത്ത് മെമ്പറെ സി പി എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു.

മദ്യവും മയക്കുമരുന്നും നൽകി പാർട്ടി പ്രവർത്തകരെ തന്റെയും യുഡിഎഫ് പ്രവർത്തകരുടെയും നേരെ ഇറക്കി വിട്ടാൽ വീട്ടിൽ കയറി ആക്രമിക്കും. ഇക്കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്നും തിരിച്ചടിക്കുമെന്നും അൻവർ വ്യക്തമാക്കി. ചുങ്കത്തറ പഞ്ചായത്തിലെ അവിശ്വാസ പ്രീമിയത്തിൽ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ഇടതുപക്ഷ സഹയാത്രികൻ ആയിരുന്നപ്പോൾ ഇതെ അൻവർ തന്നെയാണ് ചുങ്കത്തറ പഞ്ചായത്തിലെ യു ഡി എഫ് ഭരണം അവിശ്വാസത്തിലൂടെ താഴെയിറക്കി എൽ ഡി എഫിന് കൊടുത്ത്. ഇപ്പോൾ ഇതാ ആ ഭരണം അതെ മാർഗത്തിൽ തിരികെ യു ഡി എഫിന് നൽകിയിരിക്കുന്നു. ഈ ജയത്തിനു പിന്നാലെയാണ് ഭീഷണിയുമായി സി പി എമ്മിന് നേരെ തിരിഞ്ഞത്.