കേരളത്തിലെ കോൺഗ്രസിൽ ഏറ്റവും ജനകീയൻ താനാണെന്ന് അഭിമാനം കൊള്ളുന്ന വ്യക്തിയാണ് ശശി തരൂർ. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ, നാലാം വട്ട വിജയത്തിലേക്കെത്താൻ ശശി തരൂർ അക്ഷീണം പാടുപെട്ടു. കേന്ദ്രമന്ത്രി കൂടിയായിരുന്ന രാജീവ് ചന്ദ്രശേഖർ വിപുലമായ പ്രചാരണം നടത്തി ജയിക്കുമെന്ന പ്രതീതി ഉണ്ടാക്കിയതാണ് തരൂരിന് തുണയായത്. ഇതോടെ ബിജെപിയുടെ ജയം തടയാൻ ഇടത് വോട്ടുകളും തരൂരിന് കിട്ടി. എല്ലാ പാർലമെന്റ് തിരഞ്ഞെടുപ്പുകളിലെയും പോലെ തീരദേശത്തെ മത്സ്യത്തൊഴിലാളി വോട്ടുകൾ ഒറ്റ ബ്ലോക്കായി തരൂരിന് കിട്ടി. ഇതെല്ലാം ബിജെപിയുടെ ജയം തടയാനായിരുന്നു.

അതായത് തരൂർ അവകാശപ്പെടുന്നതുപോലെ തന്റെ ജനകീയത കൊണ്ടായിരുന്നില്ല വിജയം. വിയർപ്പൊഴുക്കാതെ ജയിക്കും എന്നായിരുന്നു ശശി തരൂർ തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞു നടന്നതെങ്കിലും നന്നായി വിയർത്താണ് തരൂർ തിരുവനന്തപുരത്തു നാലാം വിജയം നേടിയതെന്നാണ് വാസ്തവം. ഇപ്പോൾ തരൂർ അവകാശപ്പെടുന്നതു പോലെ അത്രയേറെ ജനകീയനൊന്നുമല്ല തിരുവനന്തപുരത്ത് അദ്ദേഹം എന്നതാണ് നാട്ടുകാരുടെ വിമർശനം. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഏറ്റവും വലിയ എതിർപ്പ് തരൂരിനെ കാണാൻ കിട്ടില്ല എന്നതായിരുന്നു. ജയിച്ചു ഇവിടെ നിന്ന് പോയാൽ 5 വർഷം കഴിഞ്ഞ് അടുത്ത തിരഞ്ഞെടുപ്പ് ആവുമ്പോഴേ കാണൂ എന്നതായിരുന്നു എൽ.ഡി.എഫിന്റെ മുഖ്യ പ്രചാരണ ആയുധം.
അദ്ദേഹത്തിന്റെ ഓഫീസ് അന്നും ഇന്നും സജീവമല്ല. കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും പോലും തരൂരിന്റെ ഓഫീസിൽ നിന്ന് ഒരു കാര്യവും സാധിച്ചെടുക്കാനാവില്ല. അവിടെ കടന്നുചെല്ലാനും ചെന്നാൽ തന്നെ ഒരു കാര്യം അവതരിപ്പിക്കാനും സാധാരക്കാർക്കും പ്രാദേശിക നേതാക്കൾക്കും പോലും നന്നേ പാടുപെടേണ്ടിവരും. ജില്ലയിലെയും സംസ്ഥാനത്തെയും കോൺഗ്രസ് നേതാക്കളോട് പോലും പരുഷമായാണ് ഓഫീസിലെ സ്റ്റാഫുകൾ പെരുമാറുന്നതെന്ന് വിമർശനമുണ്ട്.
ആരു വിളിച്ചാലും ഫോണെടുക്കാറില്ല എന്ന പരാതിയും ശക്തമായി ഉയരുന്നുണ്ട് തരൂരിന്റെ പിടിപ്പുകേട് മനസിലാക്കിയെന്നോണം അടൂർ പ്രകാശ് തന്റെ ഓഫീസിൽ കോൺഗ്രസുകാർക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. തിരുവനന്തപുരത്ത് തരൂരിന് ഇഷ്ടമുള്ള ചടങ്ങുകളിലല്ലാതെ ഒന്നിലും എം.പിയെന്ന നിലയിൽ അദ്ദേഹം പങ്കെടുക്കാറില്ല. വിവാഹത്തിനും മരണത്തിനുമെല്ലാം ഈ മാനദണ്ഡം പാലിക്കും.
എംപി ഓഫിസ് പ്രവർത്തനം കാര്യക്ഷമമല്ലെന്നും വികസനരംഗത്തു കൂടുതൽ ഇടപെടലുണ്ടായില്ലെന്നുമുള്ള വിമർശനം തിരഞ്ഞെടുപ്പു സമയത്തു ശശി തരൂർ നേരിട്ടിരുന്നു. ജനങ്ങൾക്ക് കണ്ടുകിട്ടാൻ ഇല്ലാത്ത, സേവനത്തിനെത്തുന്നവരോട് പരുഷമായി പെരുമാറുന്ന ഓഫീസുള്ള തരൂർ എങ്ങനെയാണ് താനാണ് കേരളത്തിലെ ഏറ്റവും വലിയ ജനകീയനെന്ന് അവകാശപ്പെടുന്നതിലെ സാംഗത്യം എന്ന് കോൺഗ്രസുകാർക്ക് പോലും പിടികിട്ടുന്നില്ല..
ബി.ജെ.പി വിരുദ്ധ വോട്ടുകൾ രാഷ്ട്രീയത്തിനതീതമായി കിട്ടുന്നെന്ന ഒറ്റക്കാരണത്താലാണ് തരൂർ തുടർച്ചയായി തിരുവനന്തപുരത്ത് ജയിക്കുന്നത്. മുസ്ലീം, മത്സ്യത്തൊഴിലാളി, ബി.ജെ.പി വിരുദ്ധ വോട്ടുകൾ സംഘടിതമായി തരൂരിന് കിട്ടും. വോട്ടുകൾ വിഘടിച്ചു പോയാൽ ബിജെപി ജയിക്കുമെന്നതിനാൽ ഇടതു മുന്നണിയുടെ നല്ലൊരു ശതമാനം വോട്ടുകളും തരൂരിനാണ് ചെയ്യുന്നത്.
അത് പാർട്ടിയും മുന്നണിയും അറിഞ്ഞുകൊണ്ടാണ്. അല്ലാതെ തരൂരിനോടുള്ള ആരാധന കൊണ്ടല്ല ഇത്തരത്തിൽ പാർട്ടിക്ക് അതീതമായി വോട്ടുകിട്ടുന്നത്. ഒ.രാജഗോപാലുമായുള്ള മത്സരത്തിൽ കേവലം പതിനായിരം വോട്ടിന് തരൂർ മുൻപ് ജയിച്ചതും മത്സ്യത്തൊഴിലാളികളുടെയും തീരദേശത്തെയും വോട്ടുകൊണ്ടായിരുന്നു.
2009 ലും 2019 ലും വൻ ഭൂരിപക്ഷത്തിനു ജയിച്ച ശശി തരൂർ ആ രണ്ടു തിരഞ്ഞെടുപ്പിലും എല്ലാ ഘട്ടത്തിലും ലീഡ് നേടിയിരുന്നു. എന്നാൽ 2014 ൽ ഒ.രാജഗോപാലിനെതിരെ മത്സരിച്ച് 15470 വോട്ടിനു മാത്രം വിജയിച്ച ഘട്ടത്തിലും കടുത്ത പിരിമുറുക്കം തരൂർ അനുഭവിച്ചിരുന്നു. അന്ന് ഏതാണ്ട് അവസാന ഘട്ടംവരെ പിന്നിൽനിന്ന ശേഷമാണു തരൂർ വിജയത്തിലെത്തിയത്. അന്ന് രാജഗോപാൽ വിജയിച്ചെന്നു കരുതി കോൺഗ്രസ് ക്യാമ്പുകളെല്ലാം നിശബ്ദമായിരുന്നു. അവസാന ഘട്ടംവരെ പിന്നിൽനിന്ന ശേഷമാണു തരൂർ വിജയത്തിലെത്തിയത്. ഇത്തവണ 16077 വോട്ടിന്റെ ഭൂരിപക്ഷമാണ് തരൂരിനുള്ളത്.
എന്നാൽ അതേസമയം അദ്ദേഹത്തിനെതിരെ ഇനിയും അനവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. നേമം റെയിൽവേ ടെർമിനലിന്റെ വികസനം ഏറെക്കുറെ അവസാനിച്ചു. എന്നിട്ടും ഇതിനെതിരെ പാർലമെന്റിലോ പുറത്തോ ശബ്ദിക്കാൻ പോലും തരൂർ തയ്യാറായിട്ടില്ല. 15 വർഷമായി മണ്ഡലത്തിൽ എടുത്തുകാട്ടാൻ ഒരു പദ്ധതിയും തുടങ്ങിയിട്ടില്ല. ബി.ജെ.പിയുടെ വിമർശനം ഇങ്ങനെ – വിദേശികൾ വിനോദസഞ്ചാരത്തിന് വരുന്നതു പോലെയാണ് മണ്ഡലത്തിൽ എം.പിയുടെ സാന്നിദ്ധ്യം. കഴിഞ്ഞ തവണ കോർപ്പറേഷൻ പരിധിയിൽ 6000 വോട്ട് മാത്രമായിരുന്നു ഭൂരിപക്ഷം. ബാക്കി തീരമേഖലയിൽ നിന്നായിരുന്നു.
കേന്ദ്ര മന്ത്രിയായിരുന്നപ്പോഴും എം.പി ആയപ്പോഴും തീരമേഖലയെ പാടെ അവഗണിച്ചു. കേന്ദ്ര പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ ഒരു ശ്രമവും നടത്തിയില്ല. ഭൂരിപക്ഷത്തിന്റെ കാര്യത്തിലും വളരെയേറെ പിന്നിലാണ് തരൂർ. കോൺഗ്രസിനു രാജ്യത്താകമാനം ലഭിച്ച 99 സീറ്റുകളിൽ 14 എണ്ണം സംഭാവന ചെയ്തത് കേരളമാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിലെയും ആലത്തൂരിലെയും പരാജയം ഒഴിച്ചാൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച എല്ലാവരും വിജയിച്ചു.
കോൺഗ്രസ് എംപിമാരിൽ ഏഴു പേർക്ക് ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം ഉണ്ട്. ഏറ്റവും കൂടുതൽ ഭൂരിപക്ഷം വയനാട്ടിൽ ജയിച്ച രാഹുൽ ഗാന്ധിക്കാണ് – 3,64,422. ഇന്ത്യാ സഖ്യത്തിൽ മുസ്‌ലിം ലീഗിന്റെ രണ്ട് എംപിമാരും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറിന് 3,00,118 വോട്ടുകളാണ് ഭൂരിപക്ഷം. പൊന്നാനിയിൽ എം.പി. അബ്ദുസമദ് സമദാനിയുടേത് 2,35,760 വോട്ടുകളും. ആർഎസ്പിയുടെ എൻ.കെ. പ്രേമചന്ദ്രന്റെ ഭൂരിപക്ഷം – 1,50,302.
സി.പി.എമ്മിന്റെയും ബിജെപിയുടെയും അതിശക്തമായ വെല്ലുവിളി നേരിട്ട് ആറ്റിങ്ങലിൽ ത്രികോണ പോരാട്ടത്തിൽ വിജയിച്ച അടൂർ പ്രകാശിന്റെ 685 എന്ന ഭൂരിപക്ഷത്തിന് അവിടുത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോൾ തിളക്കമേറെയാണ്.
ലണ്ടനിൽ ജനിച്ച്, കൊൽക്കത്തയിലും മുംബൈയിലും ഡൽഹിയിലും യുഎസിലും വിദ്യാഭ്യാസം ചെയ്ത്, വിദേശത്തു ജോലി ചെയ്ത, പാലക്കാടൻ വേരുകളുള്ള തരൂരിനു വിശ്വപൗരൻ എന്നാണു വിളിപ്പേര്. ആ വിളി താൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവനന്തപുരത്തുകാരനാകാനാണ് ഇഷ്ടമെന്നും തരൂർ പറയുന്നു. വഴുതക്കാട്ടെ ഫ്ലാറ്റിലാണ് താമസം. കൈവിട്ടു പോകുമെന്നു കരുതിയ തിരുവനന്തപുരം ലോക്സഭാ മണ്ഡലം ശശി തരൂർ തിരിച്ചു പിടിച്ചതു തീരദേശ പ്രദേശങ്ങളിലെയും ഗ്രാമീണ മേഖലയിലെയും വോട്ടർമാരിലൂടെയാണ്.
മണ്ഡലത്തിലെ കഴിഞ്ഞ 18 തിരഞ്ഞെടുപ്പു ഫലങ്ങൾ പരിശോധിച്ചാൽ മുൻതൂക്കം യു.ഡി.എഫിനാണ്. അപ്പോൾ ഇതൊന്നും തരൂരിന്റെ ജനകീയത കാരണമല്ലെന്നതാണ് വാസ്തവം.