ഉയർന്ന രക്ത സമ്മർദത്തെ തുടർന്ന് പ്രശസ്ത ഗായകൻ കെ ജെ യേശുദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തു വന്നിട്ടില്ല. ഗാനഗന്ധർവൻ എന്ന് സംഗീതാസ്വാദകർ സ്നേഹപൂർവ്വം വിളിക്കുന്ന യേശുദാസ് പല ഭാഷകളിലുമായി 50,000 തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എട്ടു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാർഡ് നേടിയ ഒരേയൊരു ഗായകനും യേശുദാസ് തന്നെ. ഒരു ദിവസം തന്നെ 11 ഗാനങ്ങൾ വിവിധ ഭാഷകളിൽ പാടിയ ഗായകൻ എന്ന ബഹുമതിയും അദ്ദേഹത്തിന് തന്നെ. ഇന്ത്യൻ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷ്, അറബി, റഷ്യൻ, ലാറ്റിൻ എന്നീ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്.