നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ അപ്പീൽ ഹൈക്കോടതയെ ഡിവിഷൻ ബെഞ്ച് തള്ളി. അപ്പീൽ തള്ളുന്നു എന്ന ഒറ്റ വരി ഉത്തരവാണ് ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചത്. വിഷയത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യം എന്താണെന്ന് മഞ്ജുഷയുടെ വാദം പൂർത്തിയായതിന് പിന്നാലെ കോടതിയുടെ ഡിവിഷൻ ബെഞ്ച് ചോദിച്ചിരുന്നു. സിബിഐ അന്വേഷണത്തിന് വിടാനുള്ള മതിയായ കാരണങ്ങൾ നിലവിലില്ല. എസ്ഐടിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപമില്ലല്ലോയെന്നും നിലവിലെ അന്വേഷണത്തില്‍ പിഴവുകളില്ലല്ലോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. സിബിഐ ഉള്‍പ്പടെയുള്ള എല്ലാ അന്വേഷണ ഏജന്‍സികളും സര്‍ക്കാരുകളുടെ കീഴിലാണെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. നിലവില്‍ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും എസ്ഐടിയെ മാറ്റേണ്ടതില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു. എസ്‌ഐടിയുടെ അന്വേഷണ പുരോഗതി കുടുംബത്തെ യഥാക്രമം അറിയിക്കണമെന്നും ഡിഐജിയുടെ അനുമതിയോടെ മാത്രമേ കുറ്റപത്രം നല്‍കാവൂ എന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

നവീൻ ബാബുവിന്റേത് കൊലപാതകമാണെന്നും കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയെന്നും കുടുംബം കോടതിയിൽ വാദിച്ചു. കേരള പോലീസിന്റെ അന്വേഷണം
പക്ഷപാതപരമായിരിക്കുമെന്നും സ്വതന്ത്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കണമെന്നും കുടുംബം പറഞ്ഞു. നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയാണെന്നും കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. നവീന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിൽ മറ്റൊരു ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.