കോൺഗ്രസിലെ പുനസംഘടന എന്നത് വാർത്തകളിൽ മാത്രം കാണുന്ന ഒന്നായി മാറിയിരിക്കുകയാണ്. അഴിച്ചുപണി വരുന്നു എന്ന് പറയുകയല്ലാതെ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. കെപിസിസി പുനഃസംഘടനാ ചർച്ചകളിൽ തുടക്കത്തിലേ കല്ലുകടി. സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങളിലേക്കും ഒഴിവുള്ള വൈസ് പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുമാണ് പുനഃസംഘടന നടക്കേണ്ടത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുൻഷി മുതിർന്ന നേതാക്കളുമായി പ്രാഥമിക ചർച്ചകൾ തുടങ്ങി. ഭാരവാഹികളുടെ എണ്ണം കുറയ്ക്കുമെന്ന് നേതാക്കൾ ആവർത്തിക്കുന്നുണ്ട്. പ്രസിഡന്റിനുപുറമെ വർക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരടക്കം അറുപതോളം ഭാരവാഹികളുണ്ട്. പുനഃസംഘടനയിൽ 25 സെക്രട്ടറിമാരെയും 25 ജനറൽ സെക്രട്ടറിമാരെയും നിയമിക്കുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.

കെപിസിസി ട്രഷററായിരുന്ന പ്രതാപ ചന്ദ്രൻ മരിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും പകരം ആളെ നിയമിച്ചിട്ടില്ല. കെ സുധാകരനുമായി അടുത്ത് നിൽക്കുന്ന ഒരാളെയാകും പരിഗണിക്കുക. പി ടി തോമസ് അന്തരിച്ചതോടെ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തും ഒഴിവുണ്ടായി. കൊടിക്കുന്നിൽ സുരേഷും ടി സിദ്ദിഖും ടി എൻ പ്രതാപനുമാണ് നിലവിൽ വർക്കിങ് പ്രസിഡന്റുമാർ. കൊടിക്കുന്നിൽ സുരേഷിനെ ഇക്കുറി മാറ്റിയേക്കും. എംഎൽഎമാർ ഭാരവാഹികളാകേണ്ടെന്ന് തീരുമാനിച്ചാൽ സിദ്ദിഖിന്റെ സ്ഥാനവും പോകും. ഡീൻ കുര്യാക്കോസ്, റോജി എം ജോൺ, പി കെ ജയലക്ഷ്‌മി, രമ്യ ഹരിദാസ് തുടങ്ങിയവർക്ക് നറുക്ക് വീണേക്കും.

കെ സി വേണുഗോപാലും വി ഡി സതീശനുമായി ചേർന്നുനിൽക്കുന്നവരെ ഉൾപ്പെടുത്തി പുനഃസംഘടനയുമായി നീങ്ങാനുള്ള നീക്കത്തിൽ മുതിർന്ന നേതാക്കളടക്കം അസ്വസ്ഥരാണ്. ഇങ്ങനെ നടന്നാൽ, പല ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാർക്ക് സ്ഥാനം നഷ്ടമാകും. തിരുവനന്തപുരത്ത് പാലോട് രവി, കൊല്ലത്ത് പി രാജേന്ദ്രപ്രസാദ്, പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിൽ, കോട്ടയത്ത് നാട്ടകം സുരേഷ്, വയനാട്ടിൽ എൻ ഡി അപ്പച്ചൻ, കാസർകോട് പി കെ ഫൈസൽ, ഇടുക്കിയിൽ സി പി മാത്യു, ആലപ്പുഴയിൽ ബാബു പ്രസാദ് എന്നിവർക്ക് സ്ഥാനനഷ്ടമുണ്ടായേക്കും. എന്നാൽ ഇത്തരത്തിൽ പല പേരുകളും മുൻപും പറഞ്ഞു കേട്ടിരുന്നു എന്നതാണ് മറ്റൊരുകാര്യം. തദ്ദേശതെരഞ്ഞെടുപ്പ വരെ പുനസംഘടന നടത്താതെ പിടിച്ചു നിൽക്കുകയാണ് ലക്ഷ്യമെന്നും മികച്ച പ്രകടനം നടത്തി, സ്ഥാനം നിലനിർത്താൻ ചിലർ നാടകം കളിക്കുന്നുണ്ടെനന്നും അഭ്യൂഹമുണ്ടായിരുന്നു.