പാതിവിലത്തട്ടിപ്പ് കേസിൽ സംസ്ഥാനത്തു ഇതുവരെ 1343 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. മുഖ്യ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. 665 കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറി. മുഖ്യ പ്രതികളെയൊക്കെ അറസ്റ്റ് ചെയ്‌തുവെന്നും ഇനിയും തട്ടിപ്പു കേസുകൾ പുറത്തു വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈം ബ്രാഞ്ച് എ ഡി ജി പി ക്കാണ് അന്വേഷണ ചുമതല.

സമൂഹത്തിലെ പ്രമുഖ വ്യക്തികൾക്കൊപ്പമുള്ള ചിത്രങ്ങൾ കാണിച്ചു ആൾക്കാരുടെ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു ആദ്യം ചെയ്തത്. പാതിവിലത്തട്ടിപ്പ് നടത്തിയ പദ്ധതിയിൽ ആദ്യം ചേർന്നവർക് സ്കൂട്ടർ പാതി വിലയ്ക്ക് ലഭിച്ചു. പിന്നീട് ചേർന്ന വ്യക്തികളെയാണ് ഇവർ പറ്റിച്ചത്. അന്വേഷണം പൂർത്തിയായാൽ മാത്രമേ കൂടുതൽ തട്ടിപ്പിന്റെ വിവരങ്ങളും നിലവിലുള്ള കേസുകളിലെ കൂടുതൽ വിവരങ്ങളും പുറത്തു വരൂ എന്നും സർക്കാർ തട്ടിപ്പിനിരയായവർക്കൊപ്പമെന്നും മുഖ്യമന്ത്രി പറഞ്ഞു. തട്ടിപ്പുകാർ നൽകുന്ന വ്യാജ വാഗ്ദാനങ്ങളിൽ വീണുപോകരുതെന്നും എന്നെ ഒന്ന് പറ്റിക്കൂ എന്ന് പറഞ്ഞു അവർക്കരികിലേക്ക് പോകുന്ന പ്രവണത ഉണ്ടാകരുതെന്നും ഇക്കാര്യത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.