ചെന്നൈ: നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞു നിന്ന നടൻ രവികുമാർ (75) അന്തരിച്ചു. അർബുദ രോഗ ബാധിതനായിരുന്നു. ഇന്ന് രാവിലെ 10.30 ഓടെ ചെന്നൈയിൽ ആയിരുന്നു അന്ത്യം.

തൃശൂർ സ്വദേശികളായ കെ.എം.കെ. മേനോന്റെയും ആർ. ഭാരതിയുടെയും മകനായി ചെന്നൈയിൽ ജനിച്ച രവികുമാർ 1970 കളിലും 80 കളിലും നായകൻ, വില്ലൻ വേഷങ്ങളിലൂടെ ജനശ്രദ്ധ നേടി. തിരുവനന്തപുരത്തെ രണ്ടാമത്തെ സ്റ്റുഡിയോയായ ശ്രീകൃഷ്ണ സ്റ്റുഡിയോയുടെ ഉടമ ആയിരുന്നു കെ.എം.കെ. മേനോൻ. നടിയും ദിവ്യ ദർശനം ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവുമായിരുന്നു അമ്മ ഭാരതി .
മധുവിനെ നായകനാക്കി എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത് . പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്.
ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ തമിഴ് ഭക്തിസിനിമകളിലൂടെയും അദ്ദേഹം അറിയപ്പെട്ടു. അലാവുദ്ദീനും അത്ഭുതവിളക്കും, നീലത്താമര, അവളുടെ രാവുകൾ , അങ്ങാടി , സ്ഫോടനം, ടൈഗർ സലീം, അമർഷം , ലിസ , മദ്രാസിലെ മോൻ , കൊടുങ്കാറ്റ്, സൈന്യം , കള്ളനും പോലീസും തുടങ്ങി ധാരാളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു രവികുമാറിന്റെ ദേഹവിയോഗത്തിൽ, ചലച്ചിത്ര പരിഷത്ത്, കല്ലടവാസുദേവൻ സ്മാരക ട്രസ്റ്റ്
ഫെഫ്ക,ഡയറക്റ്റേഴ്സ് യൂണിയൻ തുടങ്ങിയവ അനുശോചിച്ചു.