കുനോ നാഷണൽ പാർക്കിലെ ചീറ്റപ്പുലികൾക്ക് ഒരാൾ വെള്ളം നൽകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അനേകം ആളുകൾ അദ്ദേഹത്തിന്റെ സന്മനസിനെയും സഹാനുഭൂതിയെയും മൃഗസ്നേഹത്തെയും പ്രശംശിച്ചു. എന്നാൽ ഈ ഒരു കാരണത്താൽ അയാളുടെ ജോലി തെറിച്ചിരിക്കുകയാണിപ്പോൾ. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ഡ്രൈവർക്കാണ് ഈ ദുരവസ്ഥ. ഫീൽഡ് സ്റ്റാഫായ ഇയാൾക്ക് മൃഗങ്ങൾക് വെള്ളം കൊടുക്കാനുള്ള അനുവാദമില്ലെന്നും ഈ നിയമം ലംഘിച്ചു എന്നും കാണിച്ചാണ് ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.

പ്രധാനമന്ത്രിയുടെ പ്രോജക്ട് ചീറ്റയുടെ ഭാഗമായി നമീബിയയിൽ നിന്നും എത്തിച്ച ചീറ്റപ്പുലികൾ ഒന്നായ ജ്വാലയ്ക്കും നാല് കുഞ്ഞുങ്ങൾക്കുമാണ് വനം വകുപ്പിന്റെ ചുമതലകൾക്കായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻ ഒരു സ്റ്റീൽ പാത്രത്തിൽ വെള്ളം നൽകിയത്. “പുലികൾ കാടുവിട്ടു ജനവാസമേഖലയിലേക്കു ഇറങ്ങിയാൽ തിരികെ കാട്ടിലേക്ക് ആകർഷിക്കാനാണ് വെള്ളം നൽകുന്നത്. അതിനായി പ്രത്യേക മോണിറ്ററിങ് ടീം തന്നെ സജ്ജമാക്കിയിട്ടുണ്ട്. അവര്ക് മാത്രമാണ് മൃഗങ്ങളുടെ അടുത്ത് പോകാൻ അനുവാദമുള്ളത്. ഫീൽഡ് സ്റ്റാഫായ ഡ്രൈവർ ഇത്തരത്തിൽ നിയമം ലംഘിച്ചതിനാണ് പിരിച്ചു വിട്ടത്” എന്ന് എംപിസിസിഎഫ് വ്യക്തമാക്കി.