തിരുവനന്തപുരം: പാളയം മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി മുന്നൂറിൽപരം ചെറുകിട കച്ചവടക്കാരെ താത്കാലിക ഷോപ്പിംഗ് കോംപ്ലക്സിലേക്ക് മാറ്റുന്നതിന് മുമ്പ് കോംപ്ലക്സിന് സമീപമുള്ള മാലിന്യകൂമ്പാരം പൂർണമായി സംസ്കരിക്കണമെന്ന ആവശ്യത്തിൽ നഗരസഭാ സെക്രട്ടറി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

പാളയം മാർക്കറ്റ് പരിസരത്തെ റോഡുകളിൽ കൂടി വാഹനത്തിൽ സഞ്ചരിക്കാൻ പോലും കഴിയാത്ത വിധത്തിൽ ദുർഗന്ധം വമിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പാളയം കണ്ണിമാറ മർച്ചന്റ് ആന്റ് ലേബേഴ്സ് അസോസിയേഷൻ സമർപ്പിച്ച പരാതിയിൽ പറയുന്നു. മത്സ്യ- മാംസ – പച്ചക്കറി മാലിന്യങ്ങളുടെ കൂമ്പാരം അടിയന്തരമായി മാറ്റണമെന്ന നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം നഗരസഭ തള്ളിയതായി പരാതിയിൽ പറയുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ പ്രവർത്തനം നടക്കുന്ന വാർഡുകളിലെ മാലിന്യം തള്ളുന്നത് പാളയം മാർക്കറ്റിൽ പുതിയതായി നിർമ്മിച്ച കെട്ടിടങ്ങൾക്ക് സമീപമാണ്.ഹരിത കർമ്മ സേനക്ക് ഫീസ് നൽകുന്നവരാണ് വ്യാപാരികളെന്നും പരാതിയിൽ പറയുന്നു. സ്ഥലത്ത് സാംക്രമിക രോഗങ്ങൾക്ക് സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ സെക്രട്ടറി ജെ. രാജനാണ് പരാതി നൽകിയത്.