ചൈന ഒഴികെ മറ്റു രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രതികാരചുങ്ക നടപടി മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 90 ദിവസത്തേക്ക് തിരിച്ചടി തീരുവ 10 ശതമാനമായി കുറച്ചതായി ട്രംപ് അറിയിച്ചു. ചൈനയ്ക്ക് മേല്‍ തീവ്ര പ്രഹരമായി 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു. ചൈന അമേരിക്കയ്ക്ക് മേൽ 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നടപടി. ഇത് മൂന്നാംതവണയാണ് ചൈനയ്ക്കുമേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സാമ്പത്തിക പ്രതികാര നടപടി സ്വീകരിച്ചിരിക്കുന്നത്.

യുഎസ് പ്രസിഡണ്ടായി സ്ഥാനമേറ്റ ശേഷം ഡോണള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ പകരച്ചുങ്കം നിലവില്‍ വന്നതോടെ ചൈനയും യൂറോപ്യൻ യൂണിയനും പകര തീരുവ അമേരിക്കയ്ക്കെതിരെ ചുമത്തിയിരുന്നു. യുഎസ് ഉല്‍പന്നങ്ങളുടെ തീരുവ 34 ശതമാനത്തില്‍നിന്നു 84 ശതമാനമായാണ് ചൈന ഉയർത്തിയത്. ഏപ്രില്‍ 10 മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ഇതോടെയാണ് ട്രംപ് ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയത്.