പി എം ശ്രീ പദ്ധതിയിലൂടെ നവ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അതിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകി സി പി ഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗം. പദ്ധതിയിൽ ചേരാൻ വിദ്യാഭ്യാസ വകുപ്പ് തിടുക്കം കാട്ടുമ്പോളാണ് സി പി ഐ യുടെ എതിർപ്പ് എന്നതാണ് ശ്രദ്ധേയമായ കാര്യം. കേന്ദ്രത്തിന്റെ സമ്മർദങ്ങൾക്ക് വഴങ്ങാതെ നേടിയെടുക്കാനുള്ള അവകാശങ്ങൾ നേടിയെടുക്കുക തന്നെ വേണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ധാരണാപത്രം ഒപ്പുവയ്ക്കാത്തതിന്റെ പേരില്‍ സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാരം കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്.

നവ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സംബന്ധിച്ച കേരളമടക്കമുളള സംസ്ഥാനങ്ങളുടെ വിയോജിപ്പ് രാഷ്ട്രീയവും ആശയപരവും പ്രായോഗികവുമായ വസ്തുതകളെ അടിസ്ഥാനമാക്കിയുളളതാണ്. പാഠ്യപദ്ധതിയുടെ ഉളളടക്കം, അത് മുന്നോട്ടുവയ്ക്കുന്ന ലോകവീക്ഷണം, സംസ്ഥാനങ്ങള്‍ തമ്മില്‍ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന അന്തരം, അടിസ്ഥാന സൗകര്യങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് വിയോജിപ്പ് എന്നും മുഖ പ്രസംഗത്തിൽ പറയുന്നുണ്ട്.