സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചെന്നും മോശമായി പെരുമാറിയെന്നുമുള്ള സിനിമ നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഷൈൻ ടോം ചാക്കോയ്ക്ക് വീണ്ടും തിരിച്ചടി. കൊക്കെയ്ൻ കേസിൽ വെറുതെ വിട്ട ശേഷം ഇപ്പോൾ ആ വിചാരണ കോടതിയുടെ ആ വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി സർക്കാർ. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. വിചാരണക്കോടതി ഉത്തരവ് പരിശോധിച്ച ശേഷം പ്രൊസിക്യൂഷന്‍ തീരുമാനമെടുക്കും.

താമസിക്കുന്ന ഹോട്ടലിൽ ഡാന്സാഫ് സംഘത്തിന്റെ അന്വേഷണം നടക്കുമെന്നറിഞ്ഞ ഷൈൻ ടോം ചാക്കോ ഓടി രക്ഷപെടുകയും അതിന്റെ സി സി ടി വി വിഷ്വലുകൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. താൻ ഫിലിം ചേംബറിന് നൽകിയ പരാതിയുടെ രഹസ്യ സ്വഭാവം സൂക്ഷിച്ചില്ല എന്ന കാരണത്താലും നടനെതിരെ വ്യക്തിപരമായി പരാതി നൽകില്ല എന്ന തീരുമാനത്താലും എക്സൈസിനോ പോലീസിനോ വിൻസി ഇതുവരെ മൊഴി നൽകിയിട്ടില്ല. പരാതി നൽകിയില്ലെങ്കിൽ പോലും സർക്കാരിന് ഇക്കാര്യത്തിൽ സ്വമേധയാ കേസ് എടുക്കാം എന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
2015 ജനുവരിയിലായിരുന്നു കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായത്. അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ഷൈനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിചാരണക്കോടതിയുടെ വിധി. അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍ വിചാരണക്കോടതി എണ്ണിപ്പറഞ്ഞിരുന്നു.