തൃശൂർ: കൊച്ചിയിലെ ഗുണ്ടാത്തലവൻ മരട് അനീഷിന് നേരെ വധശ്രമം. വിയ്യൂർ സെൻട്രൽ ജയിലിനുളളിൽ വച്ചായിരുന്നു അക്രമണം. തടവുകാരനായ അമ്പായത്തോട് അഷറഫ് ഹുസൈനാണ് ആക്രമിച്ചതെന്ന് റിപ്പോർട്ട്. ബ്ലേഡ് ഉപയോഗിച്ച് അനീഷിന്റെ കഴുത്തിലും തലയിലും മാരകമായി മുറിവേൽപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ജയിലിലെ ആശുപത്രി ബ്ലോക്കിലായിരുന്നു അനീഷിനെ താമസിപ്പിച്ചിരുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു അനീഷിന് നേരെ ആക്രമണം ഉണ്ടായത്. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥൻ ബിനോയിക്കും പരിക്കേറ്റു.വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മുറിവേറ്റ അനീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനീഷിനെ കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക സംഘം നവംബർ ഏഴിനാണ് അറസ്റ്റ് ചെയ്തത്. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കാറുള്ള അനീഷ് തമിഴ്നാട്ടിൽ ഡിഎംകെ നേതാവിനെ തട്ടിക്കൊണ്ടുപോയ കേസിലടക്കം മുഖ്യപ്രതിയാണ്.കേരളത്തിൽ 45 ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുളളത്. വിചാരണ നേരിട്ട ഇംതിയാസ് വധക്കേസിൽ കോടതി അനീഷിനെ വിട്ടയച്ചിരുന്നു. ഗോവയിൽ വച്ച് ബൈക്കിൽ നിന്നുവീണ് തോളെല്ലിനു പരിക്കേറ്റെന്നു പറഞ്ഞാണ് അനീഷ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിലെ അനീഷിന്റെ സാന്നിദ്ധ്യം ഉറപ്പാക്കി ശസ്ത്രക്രിയ പൂർത്തിയാക്കാൻ കാത്തിരുന്ന പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.