കൊച്ചി: ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും റെക്കാഡ് കുതിപ്പുണ്ടായി. ഞായറാഴ്ച 4,56,910 പേരാണ് ഇന്ത്യയിലെ ആഭ്യന്തര വിമാന സർവീസ് ഉപയോഗപ്പെടുത്തിയത്. ശനിയാഴ്ച യാത്രികരുടെ എണ്ണം 4,56,748 ൽ എത്തി റെക്കാഡിട്ടിരുന്നു.
കൊവിഡ് രോഗബാധയ്ക്ക് ശേഷം ഇന്ത്യൻ വ്യോമയാന മേഖലയിൽ അസാധാരണമായ വളർച്ചയാണ് ദൃശ്യമാകുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയംസമൂഹ മാദ്ധ്യമങ്ങളിൽ ഇന്നലെ പങ്കുവച്ച കുറിപ്പിൽ പറയുന്നു. മുൻവർഷം നവംബർ 19 ന് 3,93,391 ആഭ്യന്തര വിമാന യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്.
സാമ്പത്തിക മേഖലയിലെ ഉണർവും വിദേശ ബിസിനസിലും വിദ്യാഭ്യാസത്തിലുമുണ്ടാകുന്ന ചലനങ്ങളുമാണ് വ്യോമയാന രംഗത്തിന് കരുത്ത് പകരുന്നത്. ആഗോള വ്യോമയാന ഗവേഷണ സ്ഥാപനങ്ങളുടെ പുതിയ കണക്കുകളനുസരിച്ച് നടപ്പു വർഷം ആദ്യ പത്ത് മാസങ്ങളിൽ രാജ്യാന്തര വിമാന സർവീസുകളുടെ എണ്ണത്തിൽ ഏറ്റവും മികച്ച വളർച്ച നേടിയ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടി.
ചൈനയും സിംഗപ്പൂരും ജപ്പാനുമെല്ലാം ഈ രംഗത്ത് നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയപ്പോൾ ഇന്ത്യയുടെ ആകാശ യാത്രകളിൽ നാലു ശതമാനത്തിലധികം വർദ്ധനയുണ്ടായി. രാജ്യത്തെ പ്രമുഖ വിമാന കമ്പനികൾ പലതും പ്രതിസന്ധിയിലായതോടെ നിലവിലുള്ള മറ്റ് കമ്പനികളുടെ ടിക്കറ്റ് വിൽപ്പനയും ലാഭക്ഷമതയും ഗണ്യമായി കൂടിയതും ഇരട്ടി മധുരമായി. നടപ്പു വർഷം ഇതുവരെ ഇന്ത്യൻ വിമാന കമ്പനികളുടെ മൊത്തം ലാഭത്തിൽ 40 ശതമാനത്തിലധികം വർദ്ധനയുണ്ട്.