കോഴിക്കോട്: നവകേരള സദസ് കോഴിക്കോട്ടെത്തുമ്പോൾ സത്യാഗ്രഹസമരത്തിന് ഹർഷീന.
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ 104 ദിവസം സമരം നടത്തിയിട്ടും അധികൃതർ കണ്ണുതുറക്കാത്ത സാഹചര്യത്തിലാണ് വീണ്ടുമൊരു സമരത്തിനായി ഹർഷീനയും സമരസമിതിയും ഒരുങ്ങുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവശസ്ത്രക്രിയ ചെയ്തതിനെ തുടർന്ന് അഞ്ചുവർഷം വയറ്റിൽ കത്രികയുമായി നടന്നു. അതു പുറത്തെടുത്തശേഷം 104 ദിവസം മെഡിക്കൽ കോളേജിന് മുമ്പിൽ സമരം ചെയ്തു. ഒടുവിൽ കേസ് അന്വേഷിച്ച പൊലീസ് പ്രതികളായവരെ കണ്ടെത്തി. പ്രതികളായ ഡോക്ടർമാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി സർക്കാർ നൽകാത്തതിൽ പ്രതിഷേധിച്ചാണ് പുതിയ സമരം.
സർക്കാർ ഒപ്പമുണ്ടെന്നു പറയുമ്പോഴും നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടാകുന്നത് വേദനാ ജനകമാണെന്ന് ഹർഷീനയും സമരസമിതി നേതാവ് ദിനേശ് പെരുമണ്ണയും പറഞ്ഞു. സമരം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ ഇന്ന് രാവിലെ സമരസമിതി യോഗം ചേരുന്നുണ്ട്.