കെ കെ ശൈലജയേയും ഭർത്താവ് ഭാസ്‌കരൻ മാഷിനെയും മുഖ്യമന്ത്രി ചെറുതാക്കി കാണിച്ചത് കുശുമ്പുകൊണ്ടോ? അണികളിൽ രോഷം

കണ്ണൂർ ജില്ലയിലെ ത്രിദിന നവകേരള സദസ് സമാപിച്ചു. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനിടയിലും ലക്ഷക്കണക്കിന് ജനങ്ങളാണ് ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിൽ നിന്നായി പരിപാടിയുടെ ഭാഗമായത്. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചും വേദികളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്ര സർക്കാരിനെയും പ്രതിപക്ഷത്തേയും വിമർശിച്ചുമായിരുന്നു സദസ്. കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഓരോ യോഗങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നയിച്ചു.

സംസ്ഥാനത്തെ ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ അനുവദിക്കാതെ സാമ്പത്തികമായി കേന്ദ്രം ഞെരുക്കുകയാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നു. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരായതിനാൽ പ്രത്യേക വിപ്രതിപത്തിയാണ് കേന്ദ്രത്തിന് സംസ്ഥാനത്തിനോടെന്നും അദ്ദേഹം പറയുന്നു. എന്തെങ്കിലും പ്രസംഗിക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. ജി.എസ്.ടി വിഹിതം നിർത്തലാക്കിയത് മുതൽ വിവിധയിനങ്ങളിൽ കിട്ടേണ്ട വിഹിതം ലഭിക്കാത്തത് വരേയുള്ള ഓരോ കാര്യങ്ങളും മുഖ്യമന്ത്രി ഓരോ വേദിയിലും എണ്ണിയെണ്ണി പറഞ്ഞു. അതിനിടെ സർക്കാരിന്റെ ഭരണ നേട്ടങ്ങളെക്കുറിച്ച് മറ്റ് മന്ത്രിമാരും വിശദമായി സംസാരിക്കുന്നു.

വിവാദങ്ങൾക്ക് കുറവില്ല

സർക്കാർ എന്തൊക്കെ ചെയ്തു, സർക്കാരിന് ചില കാര്യങ്ങൾ എന്തുകൊണ്ട് ചെയ്യാൻ കഴിയുന്നില്ല എന്ന് ജനങ്ങളെ പ്രസംഗത്തിൽ കൂടി മനസിലാക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. അതുകൊണ്ടു തന്നെ ഓരോ സദസിലും പരമാവധി ശ്രോതാക്കൾ ഉണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിനായി നിലവിലുള്ള സർക്കാർ സംവിധാനങ്ങളെ ഒന്നടങ്കം ഉപയോഗിക്കാനാണ് സർക്കാരിന്റെ ശ്രമം. സ്കൂൾ കുട്ടികളെ പോലും പരിപാടിയിൽ പങ്കെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തലശ്ശേരി ചമ്പാട് എൽ.പി സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നു പോകുന്നതിനിടെ റോഡരികിൽ നിർത്തി മുദ്രാവാക്യം വിളിപ്പിച്ചത് വിവാദമായി മാറിയിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ സ്കൂൾ അധികൃതർക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം രൂക്ഷമായ വിമർശനമാണ് ഉയർന്നത്. നൂറോളം വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിറുത്തി മുദ്രാവാക്യം വിളിപ്പിക്കുന്നതായാണ് ദൃശ്യത്തിൽ കാണാൻ സാധിക്കുന്നത്.

നവകേരള സദസിലേക്ക് കേരളത്തിലെ മുഴുവൻ ജനങ്ങളും കേന്ദ്രീകരിക്കപ്പെടണമെന്ന രീതിയിലാണ് ഇവിടുത്തെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചുചേർത്ത പ്രധാനാദ്ധ്യാപകരുടെ യോഗത്തിൽ ഓരോ സ്‌കൂളിൽനിന്നും നവകേരള സദസിലേക്ക് കുറഞ്ഞത് 200 കുട്ടികളെയെങ്കിലും എത്തിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ആളുകളുടെ എണ്ണം കൂട്ടാൻ കുടുംബശ്രീ,​ തൊഴിലുറപ്പ് തൊഴിലാളികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള ശ്രമവും പലയിടങ്ങളിലും നടക്കുന്നുണ്ട്. നവകേരള യാത്രയ്ക്കായി സ്‌കൂൾ ബസുകൾ വിട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിരുന്നെങ്കിലും ആ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

അതിന് തല്ലിച്ചതക്കണോ

കാസർകോട്ടെ നവകേരള സദസ് തികച്ചും സമാധാനപരമായിരുന്നു. എന്നാൽ കണ്ണൂരിലേക്കെത്തിയപ്പോൾ പരിപാടി സംഘർഷത്തിന്റേത് കൂടിയായി. നവകേരള സദസിന്റെ സുരക്ഷ ഉറപ്പാക്കുകയെന്ന ഉദ്ദേശത്തോടെ പരിപാടി ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയതാണ് പ്രശ്നത്തിന്റെ തുടക്കം. അതിൽ പ്രതിഷേധിച്ച് പഴയങ്ങാടിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസിന് മുന്നിൽ വച്ച് ഒരുപറ്റം ഡി.വൈ.എഫ്.ഐക്കാർ തല്ലിച്ചതച്ചു. ഇരുചക്ര വാഹനങ്ങളിലെ ഹെൽമറ്റും പരിസരത്തുണ്ടായിരുന്ന ചെടിച്ചട്ടികളും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തല അടിച്ചുപൊട്ടിച്ചു. പലരും ഐ.സി.യുവിലായി. ഒരു പ്രവർത്തകന്റെ കേൾവി ശക്തിയും നഷ്ടപ്പെട്ടു.

അക്രമത്തിൽ 14 ഡി.വൈ.എഫ്‌.ഐക്കാർക്കെതിരെ വധശ്രമത്തിന് പഴയങ്ങാടി പൊലീസ് കേസെടുത്തിരുന്നെങ്കിലും ഡി.വൈ.എഫ്.ഐക്കാരുടെ ഈ അക്രമ വാസനയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ബസിനു മുന്നിലേക്ക് എടുത്തുചാടിയ യൂത്ത് കോൺഗ്രസുകാരുടെ ജീവൻ രക്ഷിക്കുന്ന പ്രവർത്തനമാണ് ഡി.വൈ.എഫ്‌.ഐക്കാർ നടത്തിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മാത്രമല്ല മാതൃകാപരമായ ഈ പ്രവർത്തനം ഡി.വൈ.എഫ്.ഐ തുടരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ജനാധിപത്യമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ തല്ലിച്ചതച്ച പ്രവർത്തിയെ മുഖ്യമന്ത്രി ഒരിക്കലും ന്യായീകരിക്കാൻ പാടില്ലായിരുന്നു. അക്രമത്തെ പരസ്യമായി പിന്തുണയ്ക്കുകയും കലാപത്തിന് പ്രോത്സാഹനം നൽകുകയുമാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ ആഹ്വാനം കേട്ട് സംസ്ഥാനത്തുടനീളമുള്ള ഡി.വൈ.എഫ്.ഐക്കാർ കൈയ്യിൽ കിട്ടിയതുമായി തെരുവിലേക്കിറങ്ങിയാൽ സംഭവിക്കാൻ സാദ്ധ്യതയുള്ള ക്രമസമാധാന പ്രശ്നത്തെക്കുറിച്ച് കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ മുഖ്യമന്ത്രി ചിന്തിക്കേണ്ടതായിരുന്നു.


ശൈലജയ്ക്കും കൊട്ട്

കേന്ദ്രസർക്കാരും പ്രതിപക്ഷവും മാത്രമല്ല മുഖ്യമന്ത്രിയുടെ വിരോധത്തിന് ഇരയാകുന്നത്. കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പിഎമ്മിന് ഏറ്റവും വലിയ ഭൂരിപക്ഷം സമ്മാനിച്ച് ചരിത്രത്തിൽ ഇടം നേടിയ മുൻ ആരോഗ്യ മന്ത്രിയായ മട്ടന്നൂർ എം.എൽ.എയേയും പിണറായി വിജയൻ വെറുതെവിട്ടില്ല. മട്ടന്നൂർ മണ്ഡലം നവകേരള സദസിന്റെ അദ്ധ്യക്ഷത വഹിച്ച് കൂടുതൽ സമയം സംസാരിച്ചതിന് കെ.കെ.ശൈലജ എം.എൽ.എയെ പരോക്ഷമായി വിമർശിച്ച മുഖ്യമന്ത്രി, മട്ടന്നൂരിലേത് വലിയ പരിപാടിയായി തോന്നുന്നില്ലെന്നും തുറന്നടിച്ചു. ഇവിടുത്തെ ജനങ്ങളെ നിരന്തരം കാണുന്ന അദ്ധ്യക്ഷയ്ക്ക് കൂടുതൽ സംസാരിക്കണമെന്ന് തോന്നി. ആ സമയം കുറച്ച് കൂടുതലായിപ്പോയി. 21 പേരാണ് നവകേരള സദസിലുള്ളതെങ്കിലും 3 പേർ സംസാരിക്കുകയെന്ന ക്രമമാണ് പുലർത്തിയിരുന്നത്. ആ ക്രമീകരണത്തിന് ഇവിടെ കുറച്ച് കുറവ് വന്നു. അതുകൊണ്ട് ഇനിയുള്ള സമയം ചുരുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.കെ.ശൈലജയുടെ ഭർത്താവും, മട്ടന്നൂർ നഗരസഭ മുൻ ചെയർമാനുമായ കെ.ഭാസ്‌കരനോട് നടത്തിയ സൗഹൃദ സംഭാഷണത്തിനിടെ മട്ടന്നൂരിലേത് വലിയ പരിപാടിയല്ലെന്ന് താൻ പറഞ്ഞ കാര്യം മുഖ്യമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു. എങ്ങനെയുണ്ട് പരിപാടിയെന്ന് ഭാസ്കരൻ മാഷ് ചോദിച്ചപ്പോൾ, വലിയ പരിപാടിയാണെന്ന് മറുപടി പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. എന്നാൽ ഒരുപാട് വലിയ പരിപാടികൾ കണ്ട തനിക്ക് ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന് മറുപടി നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.കെ. ശൈലജയേയും അവരുടെ ഭർത്താവിനേയും വലിയൊരു സമൂഹത്തിന് മുന്നിൽ ചെറുതാക്കി കാണിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ് സർക്കാർ പരിപാടിയാണെങ്കിലും അതിനായി മുഴുവൻ ഊർജവും കൊടുത്ത് സി.പി.എം അവരുടെ വർഗ ബഹുജന സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. അത്തരം സാഹചര്യത്തിൽ മട്ടന്നൂരിലെ പരിപാടി ചെറുതാണെന്ന് മുഖ്യമന്ത്രിയെ തോന്നിപ്പിച്ചത് ചെറുതല്ലാത്ത കുശുമ്പല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.

രാഷ്ട്രീയ ചോദ്യങ്ങളും മറുപടിയുമായി നവകേരള സദസ് മുന്നോട്ടാണ്. അതിനിടയിൽ ജനങ്ങൾക്കിടയിൽ നിന്ന് ആയിരക്കണക്കിന് പരാതികളും അപേക്ഷകളും ലഭിക്കുന്നുണ്ട്. അവരോട് ആത്മാർത്ഥത കാണിക്കാൻ മറ്റൊന്നും തടസമാകരുതെന്നാണ് സർക്കാരിനോട് പറയാനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...