പാലക്കാട്: കുസാറ്റ് ദുരന്തത്തിൽ മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫിനെ മരണം കവര്‍ന്നെടുത്തത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും തല്ലിക്കെടുത്തി. നാട്ടിൽ ഇലക്ട്രീഷ്യനായി ജോലിചെയ്തിരുന്ന ആല്‍വിന്‍ കുടുംബത്തിനൊപ്പം നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു. തങ്ങളുടെ പഠനച്ചെലവിനും മറ്റുമായി പിതാവ് കേരളബാങ്കിൽ നിന്ന് എടുത്ത നാലുലക്ഷത്തോളം രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ബാങ്ക് നോട്ടീസ് അയച്ചിരുന്നു. ഇത് തിരിച്ചടയ്ക്കുന്നതിനായി ഗൾഫിൽ ജോലി നേടാനുളള ശ്രമത്തിലായിരുന്നു ആൽവിൻ. ഇതിനിടെയാണ് രംഗബോധമില്ലാത്ത മരണം സംഗീതനിശയുടെ രൂപത്തിലെത്തി ആല്‍വിന്റെ ജീവൻ കവർന്നത്. റബർ ടാപ്പിംഗ് തൊഴിലാളിയാണ് ആല്‍വിന്റെ പിതാവ്.
ഇന്നലെ രാവിലെ ഏഴരയോടെ ഉറ്റ സുഹൃത്ത് ജിനുവിനൊപ്പമാണ് ആല്‍വിന്‍ വീട്ടിൽ നിന്നിറങ്ങിയത്. എറണാകുളത്തുള്ള സഹോദരിയെ കാണുന്നതിനൊപ്പം ഒരു സൃഹൃത്തിന്റെ അച്ഛൻ മരിച്ചതിന്റെ ചടങ്ങിനും പോകുമെന്നാണ് വീട്ടിൽ പറഞ്ഞത്. കളിക്കാൻ പോകാനായി നാളെ നേരത്തേ വരാമെന്ന് സുഹൃത്തിന് ഉറപ്പുകൊടുത്തശേഷമാണ് എറണാകുളത്തേക്ക് ആല്‍വിന്‍ വണ്ടികയറിയത്. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ഫയർ ആന്റ് സേഫ്റ്റി കോഴ്സ് പഠിച്ച ആൽവിൻ പരീക്ഷ എഴുതിയത് കുസാറ്റിലാണ്. ഇത്തവണത്തെ യാത്രയിൽ പരീക്ഷ പാസായ സർട്ടിഫിക്കറ്റ് വാങ്ങുമെന്നും വീട്ടുകാരോടും കൂട്ടുകാരാേടും പറഞ്ഞിരുന്നു. കുസാറ്റിൽ ആൽവിന് സൗഹൃദങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടാണ് ഗാനമേള കേൾക്കാൻ അവിടെ നിന്നത്.
ഇന്നലെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. മരിച്ച വിദ്യാത്ഥികളിൽ രണ്ടുപേർ പെൺകുട്ടികളാണ്. അപകടത്തിൽ 72 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകൻ അതുൽ തമ്പി (23), വടക്കൻ പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജ് കുട്ടിയുടെ മകൾ ആൻ റിഫ്റ്റ (20), കോഴിക്കോട് താമരശേരി സ്വദേശിനി സാറ തോമസ് എന്നിവരാണ് മരിച്ച മറ്റുള്ളവർ.