ന്യൂഡൽഹി: മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാൻ അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിന് മാർഗനിർദേശങ്ങൾ തയാറാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ തയാറാക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിച്ചു. മാധ്യമപ്രവർത്തകരുടെ ഇലക്ട്രോണിക് തൊഴിലുപകരണങ്ങൾ അന്യായമായി പിടിച്ചെടുക്കുന്നതിനെതിരെയുള്ള ഹരജിയിൽ കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറലാണ് (എ.എസ്.ജി) ഇക്കാര്യം കോടതിയെ അറിയിച്ചത്. കേന്ദ്രത്തിന്റെ ഉറപ്പ് കണക്കിലെടുത്ത് ഹരജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബർ 14ലേക്ക് മാറ്റി.അന്വേഷണ ഏജൻസികളുടെ അന്യായമായ ഇടപെടലുകളിൽനിന്ന് മാധ്യമപ്രവർത്തകർക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്നും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിന് സമഗ്രമായ മാർഗനിർദേശങ്ങൾ തയാറാക്കണമെന്നും ആവശ്യപ്പെട്ട് ‘ഫൗണ്ടേഷൻ ഫോർ മീഡിയ പ്രഫഷനൽസ്’ ആണ് പൊതുതാൽപര്യ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണ ഏജൻസികളുടെ അന്യായമായ പരിശോധനകൾക്കെതിരെ ഭരണഘടനാപരമായ സംരക്ഷണം നിലവിലുണ്ടെന്ന നിലപാടായിരുന്നു ഹരജി പരിഗണിച്ച ബെഞ്ച് മുമ്പാകെ കേന്ദ്ര സർക്കാർ കൈക്കൊണ്ടിരുന്നത്. പിടിച്ചെടുത്ത ഉപകരണങ്ങളുടെ ഡേറ്റ വീണ്ടെടുക്കാൻ നിലവിൽ സംവിധാനമുണ്ടെന്നും കേന്ദ്രം വാദിച്ചു. എന്നാൽ, ഈ വാദം തള്ളിയ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധുലിയ എന്നിവരടങ്ങുന്ന ബെഞ്ച് മാധ്യമപ്രവർത്തകരുടെ ഡിജിറ്റൽ ഉപകരണങ്ങൾ അന്യായമായി പിടിച്ചെടുക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു.
ഏജൻസികൾക്ക് എല്ലാറ്റിനും അധികാരമുണ്ടെന്ന നിലപാട് സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ബെഞ്ച് പറഞ്ഞു. ഈ നില അപകടകരമാണെന്നും സർക്കാർ മെച്ചപ്പെട്ട മാർഗനിർദേശങ്ങൾ ഉണ്ടാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. രണ്ടുദിവസം കഴിഞ്ഞ് മറ്റൊരു പൊതുതാൽപര്യ ഹരജിയിലും ഉപകരണങ്ങൾ അന്യായമായി പിടിച്ചെടുക്കുന്നത് സുപ്രീംകോടതി ചോദ്യം ചെയ്തു. ഈ രംഗത്തെ അക്കാദമിക വിദഗ്ധർ കരട് മാർഗനിർദേശങ്ങൾ തയാറാക്കി സുപ്രീംകോടതിക്ക് സമർപ്പിക്കുകയും ചെയ്തു.
തുടർന്ന് ബുധനാഴ്ച കേസ് വന്നപ്പോൾ മാറ്റിവെക്കണമെന്ന് കേന്ദ്രത്തിനുവേണ്ടി എ.എസ്.ജി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങളുണ്ടാക്കുന്നുണ്ടെന്നും ഹരജിക്കാർക്ക് നിർദേശങ്ങളുണ്ടെങ്കിൽ അവ കേന്ദ്രത്തിന് സമർപ്പിക്കാമെന്നും എ.എസ്.ജി ബോധിപ്പിച്ചു. എന്നാൽ, സുപ്രീംകോടതി പരിഗണിക്കുന്ന ഹരജികളിലൊന്നിൽ നോട്ടീസ് അയച്ചത് 2021ലാണെന്നും വർഷം രണ്ടു കഴിഞ്ഞുപോയെന്നും ജസ്റ്റിസ് കൗൾ കേന്ദ്രത്തെ ഓർമിപ്പിച്ചു. അപ്പോഴാണ് ഒരു സമിതിയുണ്ടാക്കിയിട്ടുണ്ടെന്നും പ്രക്രിയ വേഗത്തിലാക്കാൻ ശ്രമിക്കാമെന്നും കേന്ദ്രം അറിയിച്ചത്.