ഇടുക്കി: നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന വഴിയിൽ പെരുന്നാൾ കച്ചവടം പാടില്ലെന്ന് പൊലീസിന്റെ നിർദേശം. ഇടുക്കി തൊടുപുഴയിലെ മുട്ടം ഊരക്കുന്ന് ക്‌നാനായ പള്ളിയിലാണ് തിരുന്നാൾ നടക്കുന്നത്. ഇതിനോടനുബന്ധിച്ച് വഴിയോര കച്ചവടങ്ങൾ പാടില്ലെന്നാണ് പൊലീസിന്റെ ഉത്തരവ്.
ഡിസംബർ പത്തിനാണ് പള്ളി തിരുനാളിന്റെ പ്രധാന ദിവസം. അന്ന് ഉച്ചകഴിഞ്ഞ് തൊടുപുഴയിൽ നിന്ന് ഇടുക്കിയിലേയ്ക്ക് പോകുന്ന മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും പെട്ടിക്കടകൾ യാത്രാതടസം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. ഒരു ദിവസത്തേയ്ക്കാണ് കടകൾ ഒഴിപ്പിക്കുന്നത്. അതേസമയം, പ്രധാന ദിവസം കച്ചവടം നടന്നില്ലെങ്കിൽ കടകൾ പൂട്ടിപ്പോകുന്ന സ്ഥിതിയുണ്ടാവുമെന്ന് വ്യാപാരികൾ പറയുന്നു.
അതേസമയം നവകേരള സദസിന് ഇന്ന് എറണാകുളത്ത് തുടക്കമാവുകയാണ്. തൃശൂരിലെ സദസുകൾക്ക് ശേഷം ഇന്നലെ രാത്രിയാണ് മന്ത്രിസഭ സഞ്ചരിക്കുന്ന പ്രത്യേക ബസ് ജില്ലാതിർത്തി കടന്നത്. ഇന്നു മുതൽ ഞായറാഴ്ച വരെ 14 നിയോജക മണ്ഡലങ്ങളിൽ സദസ് നടക്കും. ജനങ്ങൾക്ക് പരാതികളും അപേക്ഷകളും സമർപ്പിക്കാൻ എല്ലാ വേദികളിലും കൗണ്ടറുകളുണ്ടാകും. പ്രതിഷേധങ്ങൾക്ക് സാദ്ധ്യതയുള്ളതിനാൽ ജില്ല നാലു ദിവസം കനത്ത സുരക്ഷയിലായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
14 നിയമസഭാ മണ്‌ഡലങ്ങളുള്ള ജില്ലയിലെ ആദ്യ നവകേരള സദസ് ഇന്ന് ഉച്ചയ്ക്ക് ശേഷം അങ്കമാലിയിലാണ് ആരംഭിക്കുന്നത്. ആദ്യദിനം ആലുവ, പറവൂർ മണ്ഡലങ്ങളിൽ മന്ത്രിസഭയെത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലമാണ് പറവൂർ. രണ്ടാംദിനം വൈപ്പിൻ, കൊച്ചി, കളമശേരി, എറണാകുളം എന്നിവിടങ്ങളിലാണ് സദസ് നടക്കുന്നത്.
മൂന്നാംദിനമായ ശനിയാഴ്ച തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നിവിടങ്ങളിൽ സദസ് നടക്കും. അവസാന ദിനം പെരുമ്പാവൂർ, കോതമംഗലം മൂവാറ്റുപുഴ മണ്ഡലങ്ങളിലും സദസുകൾ സംഘടിപ്പിക്കുന്നുണ്ട്. എല്ലാദിവസവും രാവിലെ മുഖ്യമന്ത്രിയുടെ പ്രഭാത യോഗവും മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജനസദസും ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു.