പത്തനംതിട്ട: ശബരിമലയിൽ ഭക്തജനതിരക്ക് നിയന്ത്രിക്കാനായി ദർശന സമയം നീട്ടും. ഒരു മണിക്കൂർ നീട്ടാനാണ് തീരുമാനം. ഇനി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും. ഇതിനായി തന്ത്രി അനുമതി നൽകി നിലവിൽ പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകിട്ട് നാല് മണി മുതൽ രാത്രി 11 മണി വരെയുമാണ് നട തുറക്കുന്നത്. ഇന്ന് മൂന്ന് മണി മുതൽ നടതുറക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സന്നിധാനത്തെത്തി ഭക്തജനതിരക്ക് നിയന്ത്രിക്കും. ഭക്തജനങ്ങളെ കയറ്റുന്നതിന്റെ മേൽനോട്ടം ഏറ്റെടുത്ത് ഐജി സ്പർജൻ കുമാർ സന്നിധാനത്തെത്തി. ദർശനം പൂർത്തിയാക്കിയവരെ വേഗം മടക്കി അയക്കാനും നടപടിയെടുത്തിട്ടുണ്ട്.
ശബരിമലയിൽ ഭക്തരുടെ തിരക്ക് തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടപ്പെട്ടിരുന്നു. ദർശന സമയം രണ്ടു മണിക്കൂർ കൂടി നീട്ടാൻ കഴിയുമോയെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. എന്നാൽ നിലവിൽ 17 മണിക്കൂറുള്ള ദർശന സമയം നീട്ടാൻ കഴിയില്ലെന്ന് തന്ത്രി വ്യക്തമാക്കിയിരുന്നു. അഷ്ടാഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം 15 ആക്കി നിയന്ത്രിച്ചതായും തന്ത്രിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
ഭക്തർ വരിതെറ്റിച്ച് വലിയ തിരക്ക് ഉണ്ടാക്കുന്നത് നിയന്ത്രിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബാരിക്കേഡ് തകർത്ത് ഭക്തർ തള്ളിക്കയറുന്നതിനെതിരെ നടപടി സ്വീകരിക്കാൻ ഹൈക്കോടതി പൊലീസിന‌് നിർദ്ദേശം നൽകി. ശബരിമലയിൽ തിരക്ക് ഉണ്ടാകാതിരിക്കാൻ ഉറപ്പാക്കണമെന്ന് ചീഫ് പൊലീസ് കോർഡിനേറ്റർക്ക് കോടതി നിർദ്ദേശം നൽകി.