കൊച്ചി: റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ തോമസ് ചാഴിക്കാടനെ നവകേരളസദസില്‍ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യു.ഡി.എഫ് എം.എല്‍.എമാര്‍ക്ക് നവകേരള സദസില്‍ വന്ന് വിമര്‍ശിക്കാമായിരുന്നല്ലോ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. വിമര്‍ശിക്കുന്നത് പോയിട്ട് സംസാരിച്ച കെ.കെ ശൈലജയെയും റബര്‍ കര്‍ഷകരുടെ വിഷയം പറയാന്‍ ശ്രമിച്ച കോട്ടയം എം.പി തോമസ് ചാഴിക്കാടനെയും മുഖ്യമന്ത്രി അപമാനിച്ചു.
കെ.എം.മാണി സാറിന്റെ നാടായ പാലായില്‍ നവകേരള സദസ് നടക്കുമ്പോള്‍ സ്വഗതം പറയുന്ന ചാഴിക്കാടന് റബര്‍ കര്‍ഷകരെ കുറിച്ച് സംസാരിക്കാതെ പ്രസംഗിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. 250 രൂപ വിലസ്ഥിരത നല്‍കുമെന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം ഇതുവരെ നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം 500 കോടിയും ഈ വര്‍ഷം 600 കോടിയും ഉള്‍പ്പെടെ 1100 കോടിയും മാറ്റിവച്ചിട്ട് അകെ നല്‍കിയ 53 കോടി രൂപ മാത്രമാണ്.
റബര്‍ കൃഷി തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. നവകേരള സദസ് ജനകീയ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ചാഴിക്കാടന്‍ റബര്‍ കര്‍ഷകരുടെ കാര്യം പറഞ്ഞത് മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കി. എല്‍.ഡി.എഫിലെ എം.എല്‍.എയും എം.പിയും പറയുന്നത് പോലും കേള്‍ക്കാനുള്ള മനസ് മുഖ്യമന്ത്രിക്കില്ല, അസഹിഷ്ണുതയാണ്.
എന്നിട്ടാണ് യു.ഡി.എഫിന് വന്ന് പറയാമായിരുന്നില്ലേയെന്ന് പറയുന്നത്. റബര്‍ കര്‍ഷകരുടെ കാര്യം പറഞ്ഞ ചാഴിക്കാടനെ മുഖ്യമന്ത്രി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു. ജനപ്രതിനിധികളോട് ഇത്ര അസഹിഷ്ണുതയില്‍ മുഖ്യമന്ത്രി പെരുമാറരുത്. തോമസ് ചാഴിക്കാടനോടും ശൈലജ ടീച്ചറിനോടും ചെയ്തത് തെറ്റാണ്. ഇങ്ങോട്ട് പറയുന്നത് കേള്‍ക്കണം, അങ്ങോട്ട് ഒന്നും പറയാന്‍ പാടില്ലെന്ന നിലാപാടിലാണ് മുഖ്യമന്ത്രിക്കെന്നും. ഈ സമീപനം ശരിയല്ലെന്നും വിഡി സതീശന്‍ പറഞ്ഞു