മുല്ലശേരി : വെള്ളം കയറിയ വീടുകളിൽ ജലനിരപ്പ് താഴുന്നില്ല. തണ്ണിർക്കായൽ പാടത്തിന്റെ തോരൻ കടവിലുള്ള സ്ളൂസ് അടയ്ക്കാതിരുന്നതിനാൽ വൻ തോതിലാണ് ജലം തണ്ണീർക്കായൽ പാടത്തേക്കും പരിസരത്തെ വീടുകളിലേക്കും എത്തിയത്. ഇതേ തുടർന്ന് തണ്ണീർക്കായൽ പാടശേഖരത്തിന്റെ 50 കുതിര ശക്തിയുള്ള മോട്ടർ ഉപയോഗിച്ച് പമ്പിങ് തുടങ്ങി.
മുല്ലശേരി പഞ്ചായത്തിലെ 20 വീടുകളിലും വെങ്കിടങ്ങ് പഞ്ചായത്തിൽ 8 വീടുകളിലുമാണ് വെള്ളം കയറിയത്. പുതുകാവ് ക്ഷേത്രത്തിലേക്കുള്ള റോഡും വെള്ളക്കെട്ടിലായി. ഇടിയഞ്ചിറ വളയം ബണ്ട് നിർമാണം പൂർത്തിയായപ്പോൾ കിഴക്കൻ പ്രദേശത്തു നിന്നുള്ള വെള്ളം ഒഴുകിയെത്തി മുല്ലശേരി കനാലിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് വലിയതോതിൽ വീടുകളിലേക്ക് ഇരച്ചെത്താൻ കാരണം.