മോസ്കോ: വ്ലാദിമിർ പുടിൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ പുടിന്‍റെ നാമനിർദേശ പത്രിക രജിസ്റ്റർ ചെയ്തു. ഇതോടെ റഷ്യൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പുടിന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച ഔദ്യോഗിക നടപടികൾ പൂർത്തിയായി. സ്ഥാനാർഥിത്വത്തിന് ആവശ്യമായ രേഖകൾ കമീഷന് കൈമാറിയതായി പുടിന്‍റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞതായി റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ഇത്തവണയും സ്വതന്ത്ര സ്ഥാനാർഥിയായാണ് പുടിൻ മത്സരിക്കുന്നത്. യുനൈറ്റഡ് റഷ്യൻ പാർട്ടിയിലെ ഭാരവാഹികളും റഷ്യൻ ചലച്ചിത്രതാരങ്ങളും ഗായകരും കായിക താരങ്ങളും മറ്റ് പ്രമുഖ വ്യക്തികളുമാണ് പുടിനെ പിന്തുണച്ചത്. റഷ്യൻ തെരഞ്ഞെടുപ്പ് നിയമപ്രകാരം സ്വതന്ത്ര സ്ഥാനാർഥിയെ 40 പ്രദേശങ്ങളിൽ നിന്നുള്ള 3 ലക്ഷം പേർ പിന്തുണക്കണം. എന്നാൽ, പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന സ്ഥാനാർഥിയെ 500 പേർ പിന്തുണച്ചാൽ മതി.