വയനാട് വാകേരിയിൽ ഭീതിവിതച്ച കടുവയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ കടുവയെ പുത്തൂരിലെത്തിച്ചത്. വാകേരി കോളനിക്കവലയിൽ സ്ഥാപിച്ച കൂട്ടിൽ കാടിനെയും നാടിനെയും ഒരുപോലെ വിറപ്പിച്ച ഡബ്ല്യു.ഡബ്ല്യു.എൽ 45 എന്ന നരഭോജിക്കടുവ ഇന്നലെ ഉച്ചയോടെ കൂട്ടിലാവുകയായിരുന്നു.. കടുവയെ പിടികൂടാൻ ദൗത്യം തുടങ്ങി പത്താം ദിനമാണ് പ്രദേശവാസികളുടെ പേടിസ്വപ്നമായി മാറിയ ആളെക്കൊല്ലി കൂട്ടിലായത്. ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. യുവകർഷകനായ പ്രജീഷിനെ കൊന്ന സ്ഥലത്തിന് അടുത്തുതന്നെയാണ് കടുവ കുടുങ്ങിയത്.