തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പലിനെ വാട്ടർ സെല്യൂട്ടോടെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. ആഘോഷത്തിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രിയാണ് ചടങ്ങിന്റെ മുഖ്യാതിഥി. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ഈ നിമിഷത്തിൽ നിറഞ്ഞ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അസാധ്യം എന്നൊരു വാക്ക് കേരളത്തിനില്ലെന്ന് തെളിഞ്ഞു. ഇത് പോലെയുള്ള 8 കപ്പലുകൾ കൂടി ഇനി അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞം തുറമുറത്തേക്ക് വരും. ആറ് മാസത്തിനുള്ളിൽ കമ്മീഷനിംഗ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം ഒരു തുറമുഖം അപൂർവ്വമാണ്. ഈ തുറമുഖം വഴിയുള്ള വികസനം ഭാവനകൾക്ക് അപ്പുറത്താണ്. അതിന് ഉതകുന്ന നിലപാട് എല്ലാവരും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം, കേരളം ഇന്ത്യക്ക് നൽകുന്ന മഹത്തായ സംഭവനയാണ്. കേന്ദ്ര സർക്കാരും പദ്ധതിക്ക് മുൻഗണ നല്‍കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, അദാനി ഗ്രൂപ്പിനെയും പ്രശംസിച്ചു.