ആറ്റിങ്ങൽ: നവകേരള സദസ്സ് കരിങ്കൊടി പ്രതിഷേധത്തിൽ തുടങ്ങിയ ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് സംഘർഷം വ്യാപിക്കുന്നു. ആലംകോടും നാവായിക്കുളത്തും വീടുകൾ തകർത്തു. സംഭവത്തിൽ ഒരാൾ പിടിയിൽ. ആലംകോട്ട് മൂന്ന് വീടുകള്‍ക്ക് നേരെയും നാവായിക്കുളത്ത് ഒരു വീടിന് നേരെയും ആക്രമണമുണ്ടായി.
ആലംകോട്ട് പൊലീസ് സുരക്ഷയിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടാണ് രാത്രിയിൽ നിരവധി വാഹനങ്ങളിൽ ആയുധങ്ങളുമായി എത്തിയവർ അടിച്ചുതകർത്തത്. വടിവാൾ, കമ്പി, കുറുവടികൾ എന്നിവയുമായാണ് സംഘം എത്തിയത്. അക്രമികൾ അമ്പതിലേറെ പേരുണ്ടായിരുന്നതിനാൽ പൊലീസ് ചെറുത്തുനിൽപ് നിഷ്ഫലമായി. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലംകോട് ജങ്ഷനിൽ വടികളുമായി പ്രകടനം നടത്തി. സി.പി.എമ്മിന്റെ ബോർഡുകൾ, ബാനറുകൾ, കൊടികൾ എന്നിവ ഇവർ നശിപ്പിച്ചു.
പ്രകടനം നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സി.പി.എം നേതാവുമായ നജാമിന്റെ വീടിന് നേരെ തിരിഞ്ഞു. ഇവിടെയും പൊലീസ് തടയാൻ ശ്രമിെച്ചങ്കിലും പൊലീസ് വലയം ഭേദിച്ച പ്രവർത്തകർ വീടിന് നേരെ കല്ലെറിഞ്ഞു. വീടിന്റെ ഗ്ലാസ് ചില്ലുകൾ തകർന്നു. നജാമിന്റെ സഹോദരി താഹിറാബീവിയുടെ വീടും ആക്രമിക്കപ്പെട്ടു. നജാമിന്റെ വീടിന് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം നടക്കുമ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തംഗവുമായ ജിഹാദിന്റെ നാവായിക്കുളം മടന്തപച്ച മൂസ മൻസിലിന് നേരെ കല്ലേറുണ്ടായി. വീടിന്റെ രണ്ടാംനിലയിൽ ഇരിക്കുകയായിരുന്ന പിതാവ് മൂസക്കുഞ്ഞിന്(61) തലക്ക് പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ബുധനാഴ്ച രാത്രിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ ആലംകോട്ടുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു വ്യാഴാഴ്ചത്തെ സംഭവങ്ങള്‍.
ആലംകോട്ടാണ് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധം നടത്തിയത്. ഈ സമയം ഇവിടെയെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ ചെറുക്കാന്‍ ശ്രമിച്ചത് ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു. നഗരസഭയുടെ മുന്‍ ചെയര്മാന് എം. പ്രദീപിന്റെ മകന് അജക്ക് സംഘര്‍ഷത്തില്‍ പരിക്കേൽക്കുകയും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് സുഹൈലിന്റെ വീടിന് ബുധനാഴ്ച രാത്രി മുതല്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ആലംകോട് ജങ്ഷനിലെ കോൺഗ്രസ് പാർട്ടി ഓഫിസിന്റെ ജനാല ചില്ലുകളും തകർക്കപ്പെട്ടു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡന്റ് അനസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more- കെ.സി.ബി.സിയുടെ വാര്‍ത്താക്കുറിപ്പിനെതിരെ കെ.ടി ജലീൽ