മസ്കറ്റ് : ഖത്തറിൽ അടുത്തമാസം നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് മുന്നോടിയായുള്ള ആദ്യ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി ഒമാൻ വെള്ളിയാഴ്ചയിറങ്ങും. ചൈനയാണ് എതിരാളികൾ. അബൂദബിയിലെ ബനിയാസ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.15നാണ് മത്സരം. ഏഷ്യൻ കപ്പിനു മുന്നോടിയായി മികച്ച കളി കാഴ്ചവെച്ച് ആത്മ വിശ്വാസം വർധിപ്പിക്കാനായിരിക്കും ഒമാൻ ഇന്നു ശ്രമിക്കുക. മുതിർന്ന താരങ്ങളോടൊപ്പം പുതുമുഖങ്ങൾക്കും കോച്ച് അവസരം നൽകിയേക്കും. ചൈനയുമായുള്ള കഴിഞ്ഞ ആറു മത്സരങ്ങളിൽ മൂന്ന് വിജയം ഒമാൻ സ്വന്തമാക്കിയിരുന്നു. രണ്ടെണ്ണം ചൈന വിജയിച്ചപ്പോൾ ഒന്ന് സമനിലയിലും കലാശിച്ചു. തങ്ങളുടെ ദിനത്തിൽ കരുത്തുകാട്ടുന്നവരാണ് ഇരു ടീമുകളും. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരവും കനക്കുമെന്നുറപ്പാണ്. ജനുവരി ആറിനു യു.എ.ഇക്കെതിരെയാണ് ഒമാനെ അടുത്ത സൗഹൃദ മത്സരം
ഏഷ്യൻ കപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി യു.എ.ഇയിൽ വിദേശ ക്യാമ്പിലാണ് നിലവിൽ റെഡ്വാരിയേഴ്സ്. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നാലു ദിവസങ്ങളിലായി നടന്ന ആഭ്യന്തര ക്യാമ്പിന് ശേഷമാണ് ടീം യു.എ.ഇയിൽ എത്തിയത്. കോച്ച് ബ്രാങ്കോ ഇവാൻകോവിക്കിന്റെ മേൽനോട്ടത്തിൽ ഊർജിത പരിശീലനമാണ് ടീം യു.എ.ഇയിൽ നടത്തി വരുന്നത്.