ടോക്കിയോ: തിങ്കളാഴ്ച വടക്കൻ മദ്ധ്യ ജപ്പാനിൽ ശക്തമായ ഭൂകമ്പത്തിൽ 13 മരണം. തകർന്ന കെട്ടിടങ്ങിൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.
മധ്യജപ്പാനിലെ ഹോൺഷു ദ്വീപിലെ തീരദേശ പ്രവിശ്യയായ ഇഷിക്കാവയിലാണ് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. തുടർന്ന് ഇഷികാവയിൽ 1.2 മീറ്റർ ഉയരത്തിൽ തിരയടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇഷിക്കാവയിലെ നോട്ടോ പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഒരു ദിവസം കൊണ്ട് മാത്രം 155 ഭൂകമ്പങ്ങളാണ് രാജ്യത്ത് ഉണ്ടായത്. വലിയ നാശനഷ്‌ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡാ പ്രതികരിച്ചു.
പ്രാദേശിക സമയം 4.06ന് ആദ്യ ഭൂകമ്പം അനുഭവപ്പെട്ടത്. നാല് മിനിറ്റിന് ശേഷം കൂടുതൽ ശക്തമായി അടുത്ത ഭൂകമ്പമുണ്ടായി. ആദ്യത്തെ ഭൂകമ്പം റിക്ടർ സ്കെയിലിൽ 5.7 ആണ് രേഖപ്പെടുത്തിയത്. രണ്ടാമത്തേത് റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തി. എട്ട് മിനിറ്റിന് ശേഷം 6.1 തീവ്രതയിലും ഭൂകമ്പമുണ്ടായി. പിന്നീട് വിവിധ സമയങ്ങളിലായി തുടർ ഭൂചലനങ്ങൾ അനുഭവപ്പെടുകയായിരുന്നു.
സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നദികളിൽ ജലനിരപ്പിൽ കാര്യമായ മാറ്റമുണ്ടായി. ഭൂകമ്പത്തിന്റെ സമയത്ത് നദിയിൽ തിരമാല പോലെ വെള്ളം തിരയടിക്കുന്ന വിഡിയോകൾ അതിനോടകം പ്രചരിച്ചു. സുനാമി മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. ജപ്പാനിലെ തീരദേശമേഖലകളായ നൈഗാട്ട, ടൊയാമ, ഇഷിക്കാവ എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ്. സുനാമിയെ തുടർന്ന് കടലിലെ ജലനിരപ്പ് അഞ്ചു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജാപ്പനീസ് കലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകി. ജനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്നാണ് നിർദേശം.
ഉത്തര കൊറിയയിലും ദക്ഷിണ കൊറിയയിലും സുനാമി മുന്നറിപ്പ് നൽകിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളുമാണ് ഭൂകമ്പത്തിൽ തകർന്നു. ഇഷികാവയിലെ റെയിൽസർവിസ് പൂർണമായും തടസ്സപ്പെട്ടു. നിരവധി വിമാനങ്ങൾ റദ്ദാക്കി. 33,500 വീടുകളിലെ വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടു. ആണവനിലയങ്ങൾക്ക് ഭീഷണിയില്ലെന്നാണ് റിപ്പോർട്ട്.
ലോകത്തില്‍ ഏറ്റവുമധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011-ലാണ് ജപ്പാനിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുൾപ്പടെ തകരാർ സംഭവിച്ചിരുന്നു.# JAPAN