തിരുവനന്തപുരം : കാലാവസ്ഥാ മുന്നറിയിപ്പിൽ ദുരന്തനിവാരണ അതോറിറ്റി മാറ്റം വരുത്തി. ഇനി മുതൽ മഴ സാധ്യതയ്ക്കൊപ്പം ആഘാത സൂചനയും കൈമാറുമെന്ന് കെഎസ്ഡിഎംഎ പറഞ്ഞു. കാലാവസ്ഥ അറിയിപ്പുകളിലെ പിഴവുകൾ ചർച്ചയാകുന്നതിനിടെയാണ് പുതുയ നീക്കം. കഴിഞ്ഞ തിരുവന്തപുരത്ത് പെയ്ത പെരുമഴയെ സംബന്ധിച്ച യാതൊരു മുന്നറിയിപ്പും ദുരന്തനിവാരണ അതോറിറ്റി നൽകിയിരുന്നില്ല.
ശനിയാഴ്ച രാത്രി കാലാസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും നൽകിയ മുന്നറിയിപ്പുകളിൽ സംസ്ഥാനത്ത് എവിടെയും ശക്തമായ മഴയ്ക്ക് സാധ്യത അറിയിച്ചിരുന്നില്ല. ശനിയാഴ്ച യെല്ലാ അലർട്ടും, ഞായറാഴ്ച ഗ്രീൻ അലർട്ടുമായിരുന്നു തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്നത്. രാത്രിയോടെ മലയോര, തീര, നഗര മേഖലകളിൽ മഴ കനത്തെങ്കിലും രാത്രി പത്തിനും, പുലർച്ചെ ഒരു മണിക്കും, നാല് മണിക്കും, രാവിലെ ഏഴ് മണിക്കും നൽകിയ തത്സ്ഥിതി മുന്നറിയിപ്പിൽ മിതമായ മഴയോ നേരിയ മഴയോയാണ് പ്രവചിച്ചിരുന്നത്. മുന്നറിയിപ്പുകളിലെ ഈ പിഴവ് ചർച്ചയായതിന് പിന്നാലെ, തല്‍സ്ഥിതി മുന്നറിയിപ്പിനൊപ്പം, ഇംപാക്ട് ബേസ്ഡ് അഥവാ ആഘാത സാധ്യത മുന്നറിയിപ്പ് കൂടി ഇനി പൊതുജനങ്ങൾക്ക് കൈമാറാനാണ് പുതിയ തീരുമാനം. അതായത്, മഴ സാധ്യതയ്ക്ക് ഒപ്പം, വെള്ളക്കെട്ട്, മണ്ണിടിച്ചിൽ തുടങ്ങിയ അപകടങ്ങൾക്കുള്ള സാധ്യതയും മുന്നറിയിപ്പിൽ നൽകും. ആറ് മണിക്കൂറിടവിട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പാണ് കെഎസ്ഡിഎംഎ കൈമാറുന്നത്.