ടെൽ അവീവ്: ഗസ്സ അധിനിവേശത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രിയായി ബിന്യമിൻ നെതന്യാഹു തുടരണമെന്ന് ആഗ്രഹിക്കുന്നത് വെറും 15 ശതമാനം ആളുകൾ മാത്രമെന്ന് അഭിപ്രായ സർവേ റിപ്പോർട്ട്. ഹമാസിനെ ഇല്ലാതാക്കണമെന്ന നെത്യനാഹുവിന്റെ നയത്തെ ഒരു വിഭാഗം പിന്തുണക്കുമ്പോൾ പ്രധാനമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പിന്തുണ വലിയ തോതിൽ കുറഞ്ഞുവെന്നാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്.
ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതുസംബന്ധിച്ച സർവേ നടത്തിയത്. ബന്ദികളെ വിട്ടുകിട്ടാൻ സൈനിക നടപടി തുടരുന്നതിനെ 56 ശതമാനം പേർ ചോദ്യം ചെയ്തു. ഇസ്രായേൽ ജയിലുകളിൽ നിന്നും ഫലസ്തീനികളെ മോചിപ്പിച്ച് ബന്ദികളെ തിരിച്ചെത്തിക്കുകയാണ് ഏറ്റവും നല്ല പോംവഴിയെന്ന് 24 ശതമാനം പേർ കരുതുന്നു.
പക്ഷേ പ്രധാനമന്ത്രിയെന്ന നിലയിൽ നെത്യനാഹുവിന്റെ ജനപ്രീതിക്ക് ഇടിവ് സംഭവിക്കുകയാണെന്ന് സർവേ പറയുന്നു. സർവേയിൽ പങ്കെടുത്തവരിൽ പ്രധാനമന്ത്രിയായി നെതന്യാഹുവിനെ അംഗീകരിച്ചത് വെറും 15 ശതമാനം ആളുകൾ മാത്രമാണ്. നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളിയും യുദ്ധകാല മന്ത്രിസഭയിലെ പ്രതിനിധിയുമായ ബെന്നി ഗാറ്റ്സിന് 23 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. സർവേയിൽ പങ്കെടുത്ത 30 ശതമാനം പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരാളേയും ഉയർത്തികാട്ടിയിട്ടില്ല.
ഡിസംബർ 25 മുതൽ 28 വരെയുള്ള കാലയളവിലാണ് സർവേ നടത്തിയത്. ഇതിന് മുമ്പ് ഇതേ ഏജൻസി നടത്തിയ സർവേയിൽ പങ്കെടുത്ത 69 ശതമാനം പേരും യുദ്ധത്തിന് പിന്നാലെ ഇസ്രായേലിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.#netanyahu