അഞ്ചൽ: വന്യജീവിയായ വെള്ളിമൂങ്ങകളെ വീട്ടിൽ വളർത്തിയ ഗൃഹനാഥനെ വന്യജീവി സംരക്ഷണ നിയമപ്രകാരം കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മിൾ ഇയ്യക്കോട് ഷീബ മൻസിലിൽ നവാസ് (49) ആണ് അറസ്റ്റിലായത്. കൂട്ടിൽ വളർത്തിയ ആറ് മാസത്തോളം പ്രായമുള്ള രണ്ട് വെള്ളിമൂങ്ങകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തുടർന്ന് പ്രതിയെയും വെള്ളിമൂങ്ങകളെയും പൊലീസ് അഞ്ചൽ വനം വകുപ്പധികൃതർക്ക് കൈമാറുകയായിരുന്നു. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പുനലൂർ ഫോറസ്റ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോടതിയുടെ അനുമതി വാങ്ങി വെള്ളിമൂങ്ങകളെ വനപ്രദേശത്ത് തുറന്നുവിടുമെന്ന് വനംവകുപ്പധികൃതർ അറിയിച്ചു. അഞ്ചൽ റേഞ്ച് ഓഫിസർ ടി.എസ്. സജു, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികൾ സ്വീകരിച്ചത്. #silver-owls