തിരുവനന്തപുരം: കുതിരപ്പന്തയത്തിനും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും പണംവെച്ചുള്ള ചൂതാട്ടങ്ങള്‍ക്കും 28 ശതമാനം ചരക്ക് സേവന നികുതി ഈടാക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. സര്‍ക്കാരുമായുള്ള പോരിനിടയിലാണ് മന്ത്രിസഭായോഗം ശുപാര്‍ശ ചെയ്ത ജി.എസ്.ടി ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചത്.
ഒരുമാസം മുമ്പ് മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. വെള്ളിയാഴ്ച രാവിലെ മുംബൈക്ക് പോകുംമുമ്പ് ഓര്‍ഡിനന്‍സില്‍ ഗവർണർ ഒപ്പുവെച്ചു. ജി.എസ്.ടി കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതികളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഇത്തരം കാര്യങ്ങള്‍ക്ക് 28 ശതമാനം നികുതി ചുമത്തുന്നത്.
2023 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ഗവര്‍ണര്‍ ഒപ്പുവെച്ചതോടെ ഓർഡിനൻസ് നിയമ പരിധിയിലായി. ഓണ്‍ലൈന്‍ ഗെയിമിങ്ങും കുതിരപ്പന്തയവും പണംവെച്ചുള്ള ചൂതാട്ടവും നികുതി വലയത്തിലായതോടെ കേരളത്തില്‍ ഇവ തുടങ്ങുമോ എന്ന കാര്യത്തിലാണ് ഇനി ആശങ്ക. സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തില്‍പെടുന്നതാണിത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ക്ക് പച്ചക്കൊടി കാട്ടാൻ സാധ്യതയുണ്ടെന്ന വാദവുമുണ്ട്.
പന്തയത്തിന്റെ മുഖവിലക്കാണ് നികുതി. അതായത് 1000 കോടിയുടെ കുതിരപ്പന്തയം നടന്നാല്‍ ഇത്രയും തുകയുടെ 28 ശതമാനമാണ് ജി.എസ്.ടിയായി നല്‍കേണ്ടത്. പന്തയത്തിന്റെ ലാഭത്തില്‍നിന്നുള്ള 28 ശതമാനം തുകക്ക് നികുതി ഈടാക്കണമെന്ന നിര്‍ദേശം നേരത്തെ ജി.എസ്.ടി കൗണ്‍സില്‍ തള്ളിയിരുന്നു.#governor