കണ്ണൂർ: പൊലീസിനെതിരെ തുടർച്ചയായി രൂക്ഷവിമർശനം ഉന്നയിച്ച് കണ്ണൂരിലെ സി.പി.എം നേതാക്കൾ. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, എം. വിജിൻ എം.എൽ.എ എന്നിവരാണ് പൊലീസിനെതിരെ രൂക്ഷമായി വിമർശനമുയർത്തിയത്. കണ്ണൂർ കലക്ടറേറ്റിലേക്ക് നഴ്സുമാർ നടത്തിയ മാർച്ചിൽ എം. വിജിൻ എം.എൽ.എയും ടൗൺ എസ്.ഐയും തമ്മിലുണ്ടായ വാഗ്വാദമാണ് ഇ.പി. ജയരാജന്റെ പൊലീസ് വിമർശനത്തിന് കാരണം. നവകേരള സദസ്സിനിടെ കല്യാശ്ശേരി മണ്ഡലത്തിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ഇടനൽകിയത് പൊലീസിന്റെ പിടിപ്പുകേടാണെന്ന് എം.വി. ജയരാജൻ. സി.പി.എം മാടായി ഏരിയ കമ്മിറ്റി നടത്തിയ രാഷ്ട്രീയവിമർശന യോഗത്തിലായിരുന്നു എം.വി. ജയരാജന്റെ പരാമർശം.
ഈ സംഭവത്തെച്ചൊല്ലി പഴയങ്ങാടി എസ്.ഐക്കെതിരെ സി.പി.എം മാടായി ഏരിയ സെക്രട്ടറി പി. വിനോദും അതിരൂക്ഷമായ പരാമർശങ്ങൾ നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള സദസ്സിനുനേരെ ആദ്യം പ്രതിഷേധമുയർന്നത് കല്യാശ്ശേരിയിലാണ്. പ്രതിഷേധക്കാരെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും ചെടിച്ചട്ടികളും ഹെൽമറ്റുമുപയോഗിച്ച് മർദിച്ചതും പിണറായി ഇതിനെ ‘ജീവൻരക്ഷ പ്രവർത്തന’മെന്ന് വിശേഷിപ്പിച്ചതും വലിയ വിവാദമായി. ഇതിനെതുടർന്നാണ് കേരളത്തിലുടനീളം നവകേരള സദസ്സിനോടനുബന്ധിച്ച് പ്രതിഷേധവും സംഘർഷവും അരങ്ങേറിയത്.
കണ്ണൂരിൽ വ്യാഴാഴ്ച നഴ്സസ് അസോസിയേഷൻ നടത്തിയ മാർച്ച് തടയാൻ പൊലീസുകാരില്ലാത്തതിനാൽ കലക്ടറേറ്റ് വളപ്പിലേക്ക് കടന്നതാണ് പൊലീസും എം.എൽ.എയും തമ്മിൽ ഉരസാൻ കാരണമായത്. ഉദ്ഘാടകനായെത്തിയ എം. വിജിൻ എം.എൽ.എയോട് വൈകിയെത്തിയ എസ്.ഐ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതാണ് പ്രകോപനമായത്. ‘തന്നോട് സുരേഷ് ഗോപി കളിക്കാൻ വരേണ്ടെന്ന്’ കയർക്കുന്ന വിജിന്റെ വിഡിയോ വൈറലായി. എസ്.ഐ അപമാനിച്ചെന്ന് കാണിച്ച് വിജിൻ കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്കും ഡി.ജി.പിക്കും പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്താൻ സിറ്റി പൊലീസ് കമീഷണർ ഉത്തരവിട്ടു.