കായംകുളം: 2001ൽ കായംകുളം സീറ്റിൽ താൻ തോറ്റത് ചിലർ കാലുവാരിയത് കൊണ്ടെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ സി.പി.എം നേതാവ് കെ.കെ. ചെല്ലപ്പൻ തനിക്കെതിരെ നിന്നു. തനിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞു. മൂന്നൂറ് വോട്ട് ആണ് ആ ഭാഗത്ത് മറിഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി. സോഷ്യലിസ്റ്റ് നേതാവ് പി.എ. ഹാരിസ് അനുസ്മരണ സമ്മേളനത്തിലായിരുന്നു സുധാകരന്‍റെ വിമർശനം.
എല്ലാവരും കാലുവാരിയെന്ന് പറയുന്നില്ല. എന്നാൽ, കാലുവാരൽ കലയും ശാസ്തവുമായി കൊണ്ട് നടക്കുന്ന കുറച്ച് ആളുകളുണ്ട്. അത്തരക്കാർ ഇപ്പോഴും ഉണ്ടെന്നും നാളെയും ഉണ്ടാകുമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
എതിർ സ്ഥാനാർഥികളും ബി.ജെ.പി-ആർ.എസ്.എസുകാരും കാലുവാരി. ഇവരുടെ വോട്ടുകൾ തന്‍റെ എതിർ സ്ഥാനാർഥിക്ക് മറിച്ചു കൊടുത്തു. പുറകിൽ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലി. മനസ് ശുദ്ധമായിരിക്കണമെന്നും അതാണ് ഇടതുപക്ഷമെന്നും ജി. സുധാകരൻ പറഞ്ഞു.#g-sudhakaran