ഡൽഹി: രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിൻറെ നിർണായകമായ ഒരുക്കങ്ങളിലേക്ക്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഭരണ-പ്രതിപക്ഷ പാർട്ടികൾ ഇതിനകം തുടക്കമിട്ട കരുനീക്കങ്ങൾക്ക് ഇനിയുള്ള ആഴ്ചകളിൽ ഗതിവേഗം കൂടും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾ അടുത്തയാഴ്ച സംസ്ഥാന സന്ദർശനങ്ങൾ ആരംഭിക്കുകയാണ്.
മേയ് അവസാനംവരെയുള്ള അഞ്ചു മാസങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലൂടെയാണ് കടന്നുപോവുക. ഫെബ്രുവരി ആദ്യവാരം നടക്കുന്ന പാർലമെൻറ് സമ്മേളനത്തിൽ വോട്ട്-ഓൺ അക്കൗണ്ട് പാസാക്കി പിരിയും. 17ാം ലോക്സഭയുടെ അവസാന സമ്മേളനമാണ് അത്. പുതിയ സർക്കാറാണ് അടുത്ത ബജറ്റ് അവതരിപ്പിക്കേണ്ടതെന്നിരിക്കെ, അതുവരെയുള്ള ഭരണ ചെലവുകൾക്ക് തുക വകയിരുത്തുന്ന വോട്ട് ഓൺ അക്കൗണ്ട് മാത്രമാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കുക.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത് മാർച്ച് 10നാണ്. ഏപ്രിൽ 11 മുതൽ മേയ് 19 വരെ ഏഴു ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിൻറെ ഫലം പ്രഖ്യാപിച്ചത് മേയ് 23ന്. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട തെരഞ്ഞെടുപ്പ് കമീഷൻ, സുരക്ഷ അടക്കമുള്ള വിവിധ സാഹചര്യങ്ങൾ വിലയിരുത്തുന്ന പ്രവർത്തനങ്ങളിലേക്കാണ് അടുത്തയാഴ്ച കടക്കുന്നത്. വിവിധ പാർട്ടി പ്രതിനിധികൾ, പൊലീസിലും ഭരണതലത്തിലുമുള്ള മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി കമീഷൻ ചർച്ച നടത്തും.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ, കമീഷണർമാരായ അനൂപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ എന്നിവർ ഞായർമുതൽ ചൊവ്വവരെയുള്ള ദിവസങ്ങളിൽ ആന്ധ്രപ്രദേശും തമിഴ്നാടും സന്ദർശിക്കും. ഇതിനു മുന്നോടിയായി രണ്ടു സംസ്ഥാനങ്ങളിലെയും ഒരുക്കങ്ങളെക്കുറിച്ച് ഉപ തെരഞ്ഞെടുപ്പ് കമീഷണർമാർ ശനിയാഴ്ച സമ്പൂർണ കമീഷൻ യോഗത്തിൽ വിശദീകരണം നൽകും. ഡെപ്യൂട്ടി കമീഷണർമാർ മേൽനോട്ടം വഹിക്കാൻ ഇതിനകം മിക്ക സംസ്ഥാനങ്ങളും സന്ദർശിച്ചു കഴിഞ്ഞിട്ടുണ്ട്.#loksabha