ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ ഇസ്രയേലിൽ എത്തി. വിമാനത്താവളത്തിൽ ജോബൈഡനെ ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വീകരിച്ചു. ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബൈഡന്റെ സന്ദർശനം നിർണായകമാണ്. നേരത്തെ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്, ജോർദാൻ ഭരണാധികാരിയടക്കമുള്ള അറബ് നേതാക്കൾ എന്നിവരെ ബൈഡൻ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബ് നേതാക്കൾ ബൈഡനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറി. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ അറബ് മേഖലയൊന്നാകെ അപലപിക്കുകയാണ്. നിരപരാധികൾ കൊല്ലപ്പെട്ട ആക്രമണത്തിൽ സൗദിയുടേത് ശക്തമായ പ്രതികരണം. അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് വെടിയണമെന്നും, പക്ഷപാതിത്വമവസാനിപ്പിക്കണമെന്നുമുള്ള ശക്തമായ പ്രസ്താവനയാണ് സൗദിയുടേത്. ആക്രമണം നിഷ്ഠൂരമായ കൂട്ടക്കൊലയെന്ന് ഖത്തർ വിശേഷിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിത്. നിരപരാധികളെയും സ്കൂളുകളും ആശുപ്രത്രികളും ആക്രമിക്കുന്ന ഇസ്രയേൽ നടപടി പ്രകോപനം കൂട്ടുന്നതാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. യുഎഇ ഉൾപ്പടെ പ്രധാന രാജ്യങ്ങളെല്ലാം ആക്രമണത്തെ അപലപിച്ചു. സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. പലസ്തീന് 10 കോടി ഡോളർ അടിയന്തര സഹായം നൽകാൻ ജിസിസി രാജ്യങ്ങളുടെ മന്ത്രിതല കൗൺസിൽ തീരുമാനിച്ചു. സൈനിക നടപടി നിർത്തി വെയ്ക്കണമെന്ന ആവശ്യം ശക്തമാണ്.