ന്യൂഡല്‍ഹി: ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്റാഈല്‍ ആക്രമണത്തില്‍ 500 ലേറെപ്പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാസ അല്‍ അഹ്ലി ആശുപത്രിയില്‍ ദാരുണമായി ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ട സംഭവം ഞെട്ടലുണ്ടാക്കിയെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ”ഗാസയിലെ അല്അഹ്ലി ആശുപത്രിയിലുണ്ടായ ദാരുണമായ സംഭവത്തില്‍ ഞെട്ടലുണ്ടായി.
ഇരകളുടെ കുടുംബങ്ങളെ ഹൃദയപൂര്‍വം അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഗൗരവമേറിയതും ആശങ്കാജനകവുമാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം”- എക്സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.