തൊടുപുഴ: നവകേരള സദസിൽ പരാതിപ്പെട്ടിട്ടും പരിഹാരമില്ലാത്തതിനാൽ തൊടുപുഴ താലൂക്ക് ഓഫീസിന് മുന്നിൽ 75 വയസുകാരി കുത്തിയിരിപ്പ് സമരം തുടങ്ങി. കലയന്താനി കുറിച്ചിപാടം ആലക്കല്‍ അമ്മിണിയാണ് 40 വര്‍ഷത്തോളമായി പട്ടയത്തിന് വേണ്ടി നടക്കുന്നത്. നവ കേരള സദസിലും പരിഹാരം കാണാതായതോടെയാണ് ഇവര്‍ സമരം പ്രഖ്യാപിച്ചത്. അയല്‍വാസികളായ സര്‍ക്കാര്‍ ഉദ്യോസ്ഥരുടെ കയ്യേറ്റം സാധൂകരിക്കാന്‍ തന്‍റെ കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. ഇക്കാര്യം പരിശോധിച്ച് അർഹയെങ്കില്‍ ഉടന്‍ പട്ടയം നല്‍കുമെന്ന് തൊടുപുഴ തഹസില്‍ദാര്‍ വിശദീകരിച്ചു.
പ്രദേശത്തെ റവന്യു തരിശ് ഭൂമിയും തന്‍റെ 10 സെന്‍റ് കൈവശഭൂമിയില്‍ പകുതിയും അയല്‍വാസിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കയ്യേറിയെന്നാണ് അമ്മിണി ആരോപിക്കുന്നത്. അവശേഷിക്കുന്ന ഭൂമിയെങ്കിലും സംരക്ഷിക്കാൻ പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ റവന്യൂ വകുപ്പിനെ സമീപിച്ചത്. എന്നാൽ പരിഹാരമുണ്ടായില്ല. നവ കേരള സദസിലെ പരാതി തഹസിൽദാര്‍ക്ക് അയച്ചെങ്കിലും അനക്കമൊന്നും ഉണ്ടായില്ല. ഇതോടെയാണ് താലൂക്ക് ഓഫീസിന് മുന്നിൽ വയോധിക കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
അമ്മിണിക്ക് ഭൂമിയില്‍ അവകാശമുണ്ടെന്ന് റവന്യു ഉദ്യോഗഥര്‍ സമ്മതിക്കുന്നുണ്ട്. കൂടുതല്‍ പരിശോധിച്ച ശേഷം അര്‍ഹമായ ഭൂമിക്ക് പട്ടയം നല്‍കുമെന്നാണ് ഇവരുടെ വിശദീകരണം. സര്‍ക്കാര്‍ തരിശ് ആരെങ്കിലും കൈവശപെടുത്തിയെങ്കില്‍ തിരിച്ചുപിടിക്കുമെന്നും തഹസിൽദാര്‍ വ്യക്തമാക്കി. എന്നാൽ തഹസിൽദാരുടെ ഉറപ്പല്ല വേണ്ടതെന്ന നിലപാടിലാണ് വയോധിക. ഭൂമിക്ക് പട്ടയം ലഭിച്ച ശേഷമേ സമരം അവസാനിപ്പിക്കൂവെന്ന് അവര്‍ വ്യക്തമാക്കി. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാല്‍ സമരം നിര്‍ത്തണമെന്ന് പലരും ആവശ്യപെട്ടെങ്കിലും ഇവര്‍ വഴങ്ങിയിട്ടില്ല.
Read More:- അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ശങ്കരാചാര്യന്മാർക്കെതിരെ വിശ്വഹിന്ദു പരിഷത്ത്