ഡൽഹി : രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കരുതലോടെ കോൺഗ്രസ്സ് . സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വടം വലി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും തുടങ്ങിയതോടെ നേതൃത്വമാണ് വെട്ടിലായിരിക്കുന്നത്. ചര്‍ച്ചയില്‍ ഒരു പോലെ പിടി മുറുക്കി മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും. ജയസാധ്യത കൂടുതലുള്ള സീറ്റില്‍ സച്ചിന്‍ അവകാശ വാദമുന്നയിക്കുമ്പോള്‍, ജനരോഷം ഉയര്‍ന്ന അടുപ്പക്കാരായ എംഎല്‍എമാരെ മാറ്റുന്നതില്‍ ഗലോട്ട് നീരസം അറിയിച്ചു. സച്ചിന്‍ പൈലറ്റിന് ഐക്യദാര്‍ഡ്യവുമായി എഐസിസി ഓഫീസിന് മൂന്നില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ഇരുവരെയും അനുനയിപ്പിച്ച് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുകയെന്ന വെല്ലുവിളിയാണ് നേതൃത്വത്തിന് മുന്നിലുള്ളത്. രണ്ട് ദിവസത്തോളം നീണ്ട സ്ക്രീനിംഗ് കമ്മിറ്റിയിലും പട്ടികയില്‍ അന്തിമ ചിത്രമാകാത്തതോടെ സോണിയ ഗാന്ധി കൂടി പങ്കെടുത്ത സിഇസി യോഗത്തിലേക്ക് ചര്‍ച്ചകള്‍ നീണ്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശില്‍ കമല്‍നാഥും, ദിഗ് വിജയ് സിംഗും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്ത് വന്നത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. സീറ്റ് കിട്ടാത്ത നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വയ്ക്കുന്നതും തിരിച്ചടിയായേക്കും. അതുകൊണ്ട് തന്നെ രാജസ്ഥാനില്‍ ഏറെ കരുതലോടെയാകും നീക്കം. നേതാക്കളുടെ വടംവലി മൂലം ബിജെപിയിലെ തമ്മിലടി മുതലാക്കാന്‍ കഴിയുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ഇതിനിടെയാണ് രാജസ്ഥാനിലും തർക്കം രൂക്ഷമാകുന്നത് . കഴിഞ്ഞ തവണ അശോക് ഗലോട്ട് കൈയില്‍ വെച്ച ജയസാധ്യത കൂടുതലുള്ള സീറ്റുകളില്‍ സച്ചിന്‍ കണ്ണ് വച്ചിട്ടുണ്ട്. തെരഞ്ഞടുപ്പ് നയിക്കാന്‍ ഗലോട്ടെന്ന പ്രചാരണത്തിലും ഹൈക്കമാന്‍ഡിനെ സച്ചിന്‍ അതൃപ്തി അറിയിച്ചു കഴിഞ്ഞു.