തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി ആൻ്റണി രാജുവിനെതിരെ ഒളിയമ്പുമായി മന്ത്രി കെബി ഗണേഷ് കുമാർ…. ആർക്കും ദോഷമുള്ള പണി മന്ത്രിമാരാരും ചെയ്യാൻ പാടില്ലെന്നും താൻ അങ്ങനെ ചെയ്യില്ലെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.10 രൂപ ടിക്കറ്റ് യാത്ര തുടരില്ല. ആളു കയറാൻ വേണ്ടി നടപ്പാക്കിയെന്നാണ് എം ഡി പറഞ്ഞത്. എന്നാൽ വന്ദേഭാരതിൽ ടിക്കറ്റ് നിരക്ക് കുറച്ചിട്ടാണോ ആള് കയറുന്നതെന്നും ഗണേഷ് കുമാർ ചോദിച്ചു. കെഎസ്ആര്‍ടിസിയിലെ ചിലവ് കുറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അഴിമതി ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇന്നലെ മന്ത്രി പറഞ്ഞിരുന്നു. കെ എസ് ആർ ടി സി യൂണിയനുകളുമായുള്ള ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ് കുമാര്‍.
കാണിയ്ക്ക ഇടുന്ന പണം സ്വന്തം പോക്കറ്റിൽ നിന്നാകണം. വല്ലവരുടെയും തേങ്ങയെടുത്ത് ഗണപതിക്ക് അടിച്ചിട്ട് എന്നെ രക്ഷിക്കണേ എന്ന് പറയുന്നത് പോലെയാണെന്നും മന്ത്രി പറഞ്ഞു. ഡീസൽ വണ്ടികൾ പൂർണ്ണമായും നിർത്താനാകില്ല. ഊഹ കണക്ക് പറ്റില്ല. സർക്കാരിൻ്റെ പണം പോകുന്ന ഒരു കാര്യവും താൻ ചെയ്യില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. യൂണിയനുകളുമായി പ്രത്യേകം ചർച്ച നടത്തുമെന്നും, സ്റ്റോക്ക്, അക്കൗണ്ട്, പർച്ചേയ്സ് എന്നിവയ്ക്കായി പുതിയ സോഫ്റ്റ്വെയർ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. കെഎസ്ആർടിസി അഡ്മിനിസ്ട്രേഷൻ കമ്പ്യൂട്ടറൈസ് ചെയ്യും. സിസ്റ്റം ഇല്ലാത്ത കെഎസ്ആർടിസിയിൽ പുതിയൊരു സിസ്റ്റം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സ്വിഫ്റ്റ് കമ്പനി ലാഭത്തിലാണ്. കെടിഡിഎഫ് സി നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കും. തിരുവനന്തപുരത്ത് പത്തു രൂപയ്ക്ക് ഓടുന്ന ഇലക്ട്രിക് ബസിന് വരുമാനമുണ്ടെങ്കിലും ലാഭമുണ്ടെന്ന് പറയാന്‍ പറ്റില്ല. വൈദ്യുതിയാണെങ്കിലും തുച്ഛമായ ലാഭം മാത്രമാണ് ലഭിക്കുന്നത്. ഭയങ്കര നഷ്ടമാണ്. പത്തു രൂപയ്ക്ക് ഓടുന്ന ബസുകളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനാകുന്നുമില്ല. പല റൂട്ടുകളിലും ഇലക്ട്രിക് ബസില്‍ പലപ്പോഴും ആളില്ലാത്ത അവസ്ഥയമുണ്ട്.10 രൂപക്ക് സർവീസ് നടത്തുന്ന ബസുകളുടെ നിരക്ക് മാറ്റും ഇലക്ട്രിക് ബസ് വാങ്ങുന്നതിനോട് യോജിപ്പില്ല. ഇലക്ട്രിക് ബസ് വാങ്ങുന്ന തുകക്ക് നാല് ബസുകൾ വാങ്ങാം. സുശീൽ ഘന്ന റിപ്പോർട്ട് നടപ്പിലാക്കാൻ കഴിഞ്ഞില്ല. അത് നടപ്പാക്കാൻ ശ്രമിക്കും. ഇലക്ട്രിക് ബസിന്റെ ഡ്യൂറബിലിറ്റി കുറവാണ്. ഇലക്ട്രിക് ബസുകള്‍ വിജയകരമായി ഉപേയാഗിക്കപ്പെട്ടതായി എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ പുതിയ ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല.
Read More:- കുറ്റിപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷം പതിവ്