തിരുവനന്തപുരം∙ മൃഗശാലയിൽ ഗുരുതര പരുക്കേറ്റ പെരുമ്പാമ്പിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കൂടെയുള്ള പെരുമ്പാമ്പിന്റെ ആക്രമണത്തിൽ പരുക്കേറ്റതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിൽ പെട്ട പാമ്പിനാണ് പരുക്കേറ്റത്. ചെറുതും വലുതുമായ ഇരുപതോളം മുറിവുകൾ പാമ്പിന്റെ ശരീരത്തിലുണ്ടായി. 2 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം പെരുമ്പാമ്പിനെ പ്രത്യേക കൂട്ടിൽ നിരീക്ഷണത്തിലാക്കി. ഇന്നലെ രാവിലെ ജോലിക്ക് എത്തിയ കീപ്പർ സനൽ, സൂപ്പർവൈസർ സജി എന്നിവരാണ് പാമ്പിനെ അവശനിലയിൽ കണ്ടെത്തിയത്.
ഉടനെ മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ എത്തി പരിശോധിച്ച്, പാമ്പിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മുറിവുകളുടെ സ്വഭാവം വച്ച് കൂടെയുള്ള പാമ്പ് ആക്രമിച്ചതാകാമെന്നാണ് ഇവരുടെ വിലയിരുത്തൽ. ഡോ. നികേഷ് കിരണിനെ കൂടാതെ ഹൗസ് സർജൻമാരായ ഡോ. അഭിനന്ദ്, ഡോ. ശ്രീലക്ഷ്മി, ഡോ. സഫ്ദർ, ഡോ. രേണു, ഡോ. അന്ന, ഡോ. അഭിരാം ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ രഞ്ജിത് കുമാർ, ലാബ് അസിസ്റ്റന്റ് സുധിൻ എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും നീളം കൂടിയ പെരുമ്പാമ്പ് ഇനമാണ് റെറ്റികുലേറ്റഡ് പൈത്തൺ. ശരീര ഭാരത്തിന്റെ കാര്യത്തിൽ അനക്കോണ്ട, ബർമീസ് പൈത്തൺ എന്നിവയ്ക്ക് ശേഷം മൂന്നാം സ്ഥാനവും. ഈ ഇനത്തിലുള്ള 5 പാമ്പുകൾ ആണ് മൃഗശാലയിലുള്ളത്.