വെഞ്ഞാറമൂട് ∙ വിനോദ സഞ്ചാര വകുപ്പ് റവന്യു ഭൂമി ഏറ്റെടുത്തു നിർമിച്ച ഹോട്ടൽ സമുച്ചയവും വഴിയോര വിശ്രമ കേന്ദ്രവും അനാഥമായിട്ട് 6 വർഷം. കീഴായിക്കോണം എറിപാറയിൽ കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നു. ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടു വിശ്രമത്തിനും ഭക്ഷണത്തിനും സൗകര്യം ഒരുക്കി നിർമിച്ചു പ്രവർത്തനം ആരംഭിച്ച സ്ഥലമാണു ഉപയോഗശൂന്യമായി നശിച്ച് സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്.
2.26 ഏക്കർ വിസ്തൃതിയുള്ള ഇവിടം വർഷങ്ങൾക്കു മുൻപു സർക്കാർ അനുമതിയോടെ പാറ പൊട്ടിച്ചെടുത്തിരുന്ന റവന്യു സ്ഥലമാണ്. ഹൈവേയിൽ നിന്നും 200 മീറ്റർ പരിധിയിലുള്ള എല്ലാ ഖനനവും നിർത്തണമെന്ന ഉത്തരവു വന്നതിനെത്തുടർന്ന് പാറ പൊട്ടിക്കൽ 15 വർഷം മുൻപ് നിർത്തി വയ്ക്കുകയായിരുന്നു. തുടർന്ന് ഈ സ്ഥലം 1 ഏക്കർ ഫയർല ഫോഴ്സിനും 1.26 ഏക്കർ സ്ഥലം ഡിടിപിസിക്കും കൈമാറി. ഫയർ ഫോഴ്സിനു ലഭിച്ച സ്ഥലത്തു കെട്ടിട നിർമാണം നടക്കുകയാണ്.
ഡിടിപിസി ഇവിടെ രണ്ടു കെട്ടിടങ്ങൾ നിർമിച്ചു. ദീർഘദൂര യാത്രക്കാർക്കു സൗജന്യമായി വിശ്രമിക്കാനും വാഹനങ്ങൾ പാർക്കു ചെയ്യാനും സൗകര്യമുള്ള വിശ്രമ സ്ഥലവും ശുചിമുറിയും അടങ്ങുന്ന കെട്ടിടവും ഇതിനു സമീപത്തായി ഹോട്ടൽ സമുച്ചയം അടങ്ങുന്ന കെട്ടിടവും നിർമിച്ചു. ഇതിൽ ഹോട്ടൽ സമുച്ചയം സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനു ലേലത്തിൽ നൽകി. എന്നാൽ, ഇവിടെ 2 വർഷം മാത്രമേ ഹോട്ടൽ പ്രവർത്തിച്ചുള്ളൂ. നഷ്ടം ചൂണ്ടിക്കാട്ടി 6 വർഷമായി അടഞ്ഞു കിടക്കുകയാണ്. ഹോട്ടൽ അടച്ചതോടെ പൊതുജനങ്ങൾക്കായി നിർമിച്ച വിശ്രമ കേന്ദ്രവും അടച്ചിട്ടു.