കണ്ണൂർ: എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ഥികളിൽ ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും സി പ്ലസ് ഗ്രേഡിന് മുകളില്‍ ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ജില്ല പഞ്ചായത്ത് ‘സ്മൈല്‍ 2024’ പദ്ധതി.
പദ്ധതി മുന്നൊരുക്കത്തിന്റെ ഭാഗമായി ഹൈസ്കൂളുകളിലെ പ്രധാനാധ്യാപകരുടെയും പി.ടി.എ പ്രസിഡന്റുമാരുടേയും യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. സ്മൈല്‍ മോഡല്‍ പരീക്ഷകള്‍ ജനുവരി 24ന് ആരംഭിക്കും. അതിന് ശേഷം സീരീസ് ടെസ്റ്റുകളും നടത്തും. ഇതിനാവശ്യമായ ചോദ്യ പേപ്പറുകള്‍ തയാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം പി.ടി.എ യോഗങ്ങള്‍, ഗൃഹസന്ദര്‍ശനം തുടങ്ങിയവ സ്കൂളുകളില്‍ നടത്തണം. ഈ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് പി.ടി.എയുടെ നേതൃത്വത്തില്‍ കലണ്ടര്‍ തയാറാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഉന്നത വിജയം നേടാനാവശ്യമായ സ്മൈല്‍ പഠന സഹായികള്‍ സ്കൂളുകള്‍ക്ക് നല്‍കിയിരുന്നു. പഠനത്തിൽ പിന്നിലായ കുട്ടികള്‍ക്കാവശ്യമായ മൊഡ്യൂളുകളും ഈ വര്‍ഷം തയാറാക്കിയിട്ടുണ്ട്.#kannur