‘അന്നപൂരണി’ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാപ്പ് പറഞ്ഞ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. സോഷ്യൽ മീഡിയയിൽ വിവിധ ഭാഷകളിലായിട്ടാണ് ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചത്. താൻ ദൈവ വിശ്വാസിയാണെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു.
ജയ് ശ്രീറാം എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. ആരുടെയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോകാമെന്ന സന്ദേശമാണ് സിനിമ നൽകുന്നതെന്നും നടി കുറിച്ചു.
സെൻസർ ബോർഡ് അംഗീകാരം നൽകിയ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് പിൻവലിച്ചത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും താരം വ്യക്തമാക്കി. ഏതെങ്കിലും തരത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.
ചിത്രത്തിൽ ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജൻ എന്ന കഥാപാത്രത്തെയാണ് നായൻതാര അവതരിപ്പിച്ചത്. ശ്രീരാമൻ മാംസഭുക്ക് ആയിരുന്നുവെന്ന് നായകൻ പറയുന്ന ഭാഗമാണ് വിവാദമായത്. കൂടാതെ ബിരിയാണി തയ്യാറാക്കുന്നതിന് മുൻപ് നായിക നിസ്‌കരിക്കുന്നുണ്ട്. ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പരാതി ഉയർന്നിരുന്നു. ഹെെന്ദവ സംഘടകളുടെ പ്രതിഷേധത്തിന് പിന്നാലെ ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കി. ഡിസംബർ ഒന്നിന് തിയേറ്ററിലെത്തിയ അന്നപൂരണി ഡിസംബർ 29നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തത്. നയൻതാരയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.