ഇവി വാഹനമാര്‍ക്കറ്റിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്ക് കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇതോടെ ടെസ്‌ല ഉള്‍പ്പെടെയുള്ള കാറുകള്‍ കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ റോഡുകളിലേക്ക് എത്താന്‍ സാധ്യത തുറക്കുകയാണ്. നിലവില്‍ കാറുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ഇറക്കുമതി ചെയ്യണമെങ്കില്‍ 70 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് ഇന്ത്യ ഇറക്കുമതി തീരുവ ഈടാക്കുന്നത്. രാജ്യത്ത് തന്നെ പരമാവധി കാറുകള്‍ ഉത്പാദിപ്പിക്കുന്നതിനും ഇന്ത്യയില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ വിദേശ കാറുകള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇലക്ട്രിക്ക് വാഹന വിപണിയെ പ്രോത്സാഹിപ്പിക്കും അതുവഴി പ്രകൃതിക്ക് സംഭവിക്കുന്ന ആഘാതങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന്റേയും ഭാഗമായിട്ടാണ് ഇവി കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.സമീപഭാവിയില്‍ തന്നെ ചില കമ്പനികള്‍ക്ക് കുറഞ്ഞ ഇറക്കുമതി തീരുവ ചുമത്താന്‍ കേന്ദ്രം ആലോചിക്കുന്നതായാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇറക്കുമതി തീരുവയില്‍ ഇളവ് ലഭിക്കാന്‍ ഈ കമ്പനികള്‍ക്ക് മുന്നില്‍ ചില വ്യവസ്ഥകള്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കും. പ്രസ്തുത കമ്പനികള്‍ ഒരു നിശ്ചിത കാലയളവിന് ശേഷം ഇന്ത്യയില്‍ ഫാക്ടറികള്‍ സ്ഥാപിച്ച് വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കണമെന്നതാണ് പ്രധാന വ്യവസ്ഥ.
കുറഞ്ഞ ഇറക്കുമതി തീരുവ വഴി വിപണിയിലെത്തുന്ന കാറുകള്‍ ചുടപ്പം പോലെ വിറ്റഴിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ടെസ്‌ല ഫാക്ടറി സ്ഥാപിക്കുന്നത് വേഗത്തിലാക്കും. ഇന്ത്യയെ മേഖലയിലെ കയറ്റുമതി ഹബ് ആക്കി മാറ്റാന്‍ ടെസ്‌ലക്ക് പദ്ധതിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ 40,000 യുഎസ് ഡോളറിനു മുകളില്‍ വിലയുള്ള കാറുകള്‍ക്ക് 100 ശതമാനവും ബാക്കിയുള്ളവക്ക് 70 ശതമാനവുമാണ് ഇന്ത്യ ഇറക്കുമതി തീരുവ ചുമത്തുന്നത്. ഇറക്കുമതി തീരുവ കുറയ്ക്കുന്നതോടെ ലോകോത്തര ബ്രാന്‍ഡുകളുടെ ഇവികള്‍ താങ്ങാവുന്ന വിലയില്‍ ഇന്ത്യക്കാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.